മുതിര്‍ന്ന ഹോളിവുഡ് നടിയും വിഖ്യാത സംവിധായകൻ ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ മകളുമായ പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു. 93 വയസായിരുന്നു. തിങ്കളാഴ്‌ച കാലിഫോര്‍ണിയയിലെ തൗസൻഡ് ഓക്‌സിലായിരുന്നു അന്ത്യം.
ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ ഏക മകളായ പട്രീഷ്യ, പാറ്റ് ഹിച്ച്കോക്ക് എന്നാണറിയപ്പെടുന്നത്. സ്റ്റേജ് ഫ്രൈറ്റ്, സ്‌ട്രേഞ്ചേഴ്‌സ് ഓൺ എ ട്രെയിൻ, സൈക്കോ തുടങ്ങിയ ഹിച്‌കോക്ക് സിനിമകളിലും പാറ്റ് അഭിനയിച്ചിട്ടുണ്ട്.

1950ൽ റിലീസ് ചെയ്‌ത സ്റ്റേജ് ഫ്രൈറ്റ് ആണ് ആദ്യചിത്രം. ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്‌മെന്‍റ്‌സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ വിഖ്യാതചിത്രം സൈക്കോയിലും ചെറിയ റോളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
More Read: മാസ്റ്റർ ഓഫ് സസ്‌പെൻസ്, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്
1928 ജൂലൈ ഏഴിനാണ് പാറ്റ് ഹിച്‌കോക്ക് ജനിച്ചത്. എട്ടും ഒൻപതും വയസിൽ ബോർഡിങ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് ഹിച്‌കോക്ക് കുടുംബം അമേരിക്കയിലേക്ക് താമസം മാറി. സോളിറ്റൈർ, വയലറ്റ് തുടങ്ങിയ നാടകങ്ങളിലും നിർണായക വേഷങ്ങൾ ചെയ്‌തു. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടിലെ പഠനത്തിന് ശേഷം സിനിമാഭിനയത്തിലേക്കും താരം കടന്നു.
വിവാഹത്തിന് ശേഷവും നടി സിനിമകളിലും സസ്‌പെൻസ്, മൈ ലിറ്റിൽ മാർഗി, ദി ലൈഫ് ഓഫ് റിലി തുടങ്ങിയ ഷോകളിലും സജീവമായിരുന്നു.