എറണാകുളം: സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് ഹൈക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി ആരംഭിച്ച വിവാദത്തിലാണ് ഹൈക്കോടതിയുടെ വിധി. പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ തിരക്കഥാകൃത്ത് ജിനുവാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ 250-ാം ചിത്രത്തിനുമെതിരെ കേസ് ഫയല്‍ ചെയ്‌തത്. കേസ് പരിഗണിച്ച ജില്ല കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി. കൂടാതെ 2020 ഓഗസ്റ്റിൽ സിനിമയുടെ സ്റ്റേ കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നായിരുന്നു കോടതി ഉത്തരവിൽ പറയുന്നത്. എന്നാൽ ഇതിനെ തുടർന്ന് സുരേഷ് ഗോപി സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതി സമീപിച്ചു. കഴിഞ്ഞ ആറുമാസമായി നീണ്ടുനിന്ന കേസിനാണ് ഇപ്പോൾ തീരുമാനമായത്. വിശദമായി രണ്ട് ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി ജില്ലാ കോടതിയുടെ വിധി പൂർണമായും ശരിയാണെന്നും എസ്‌ജി 250 എന്ന സിനിമ നിർത്തിവെക്കണമെന്നും ഉത്തരവിട്ടത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ മുൻനിർത്തിയുള്ള പ്രചരണങ്ങൾ നടത്തുന്നതും വിലക്കികൊണ്ടുള്ള ജില്ലാ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് പേരുള്ള നായകകഥാപാത്രത്തെ വെച്ച് ഡിജിറ്റൽ മാധ്യമങ്ങളില്‍ ഉൾപ്പടെയുള്ള പ്രചരണം നടത്തുന്നത് വിലക്കിയിട്ടുണ്ട്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്‍റെ പേര് കോപ്പി റൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്‍റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്‌തിട്ടുള്ളതാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. രേഖകളും കോടതിയിൽ ഹാജരാക്കി. ഇവയൊക്കെ പരിഗണിച്ചാണ് സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തിയത്.