ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിഷേധം തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേര്‍ ലക്ഷ്യദ്വീപ് ജനതയ്‌ക്ക് പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.
ലക്ഷദ്വീപ് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതുസമൂഹത്തെ അറിയിച്ച ലക്ഷദ്വീപ് സ്വദേശിനിയായിരുന്നു സഹസംവിധായികയായ ആയിഷ സുല്‍ത്താന. അടുത്തിടെ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണ്‍ എന്ന് ആയിഷ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
തുടര്‍ന്ന് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പാട്ടിലൂടെ പ്രതിഷേധിച്ച് ഹരീഷ് പേരടി
ആയിഷയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത സംഭവത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി. ഫാസിസത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ള വരികള്‍ ആലപിച്ചാണ് ഹരീഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="">
നമ്മുടെ സ്വന്തമായ നാട്ടില്‍ എങ്ങനെ നടക്കണമെന്ന് ആരും പുതുതായി പഠിപ്പിക്കേണ്ടെന്നും നേരമ്പോക്ക് എന്ന പോല്‍ കേറി ഇറങ്ങുവാന്‍ ഞങ്ങളെ നെഞ്ച് ഉപയോഗിക്കേണ്ടെന്നും ഹരീഷ് പാട്ടിലൂടെ പറയാതെ പറഞ്ഞു. 'ആയിഷ സുൽത്താനയോടൊപ്പം...ലക്ഷദ്വീപിനൊടൊപ്പം' എന്ന് കുറിച്ചുകൊണ്ടാണ് ഹരീഷ് പേരടി പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ആയിഷ സുല്‍ത്താനയുടെ വിവാദ പരാമര്‍ശം
മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ പ്രയോഗിച്ചത് എന്നായിരുന്നു ആയിഷ സുല്‍ത്താന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്.
Also read: ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ്
ഇത് വിവാദമായതോടെ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് ആയിഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിലൂടെയും കൂടെ വന്നവരിലൂടെയുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബയോവെപ്പണുമായി താരതമ്യപ്പെടുത്തിയതെന്നും ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു.