തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ താരവും കഥാകൃത്തുമായ രവി വള്ളത്തോള്‍ അന്തരിച്ചു. വഴുതാക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നാല്‍പ്പതില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാളാണ് ആദ്യചിത്രം. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്‌ഫാദര്‍, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. സാഹിത്യത്തിലും പ്രാവീണ്യമുള്ള രവി വള്ളത്തോള്‍ ഇരുപത്തിയഞ്ചോളം ചെറുകഥകളും രചിച്ചിട്ടുണ്ട്.
മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍റെ മരുമകന്‍ കൂടിയാണ് രവി വള്ളത്തോള്‍. 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം രചിച്ചു. 1986ൽ ഇറങ്ങിയ രേവതിക്ക് ഒരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്‍റെ രചനയാണ്. ദൂരദര്‍ശനില്‍ 1986ല്‍ പ്രദര്‍ശനം ആരംഭിച്ച വൈതരണിയിലൂടെയാണ് സീരിയലിലേക്ക് രവി വള്ളത്തോള്‍ എത്തുന്നത്. അച്ഛൻ ടി.എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്‍റെ തിരക്കഥ. പിന്നീടങ്ങോട്ട് നൂറോളം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. 2003ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഗീതാലക്ഷ്മിയാണ് ഭാര്യ. മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തണല്‍ എന്ന സ്ഥാപനവും നടത്തുന്നുണ്ട്.