വാഷിംഗ്‌ടൺ: കൊവിഡ്- 19 പശ്ചാത്തലത്തിൽ ഈ വർഷത്തെ എമ്മി അവാർഡ് ഓൺലൈനായി സംഘടിപ്പിക്കും. ടെലിവിഷൻ രംഗത്തെ ഓസ്‌കറെന്നറിയപ്പെടുന്ന എമ്മി അവാർഡ് സെപ്‌തംബറിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 72-ാം എമ്മി പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷനുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവാർഡ്‌ദാന ചടങ്ങുകളും ഓൺലൈനായി നടത്തുമെന്ന് സംഘാടകർ അറിയിച്ചത്.
ജിമ്മി കിമ്മലാണ് ഓൺലൈനായി നടക്കുന്ന ചടങ്ങ് അവതരിപ്പിക്കുന്നത്. ഓൺലൈൻ എമ്മി അവാർഡിനെ കുറിച്ച് നോമിനേഷനിലെ പ്രധാനപ്പെട്ട ആളുകൾക്ക് കത്തിലൂടെ സംഘാടർകർ അറിയിപ്പ് നൽകുകയായിരുന്നു. "സെപ്റ്റംബർ 20ന് നിങ്ങളോട് മൈക്രോസോഫ്റ്റ് തിയേറ്ററിലേക്ക് വരാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഈ വർഷവും ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ രാത്രി തന്നെ ആയിരിക്കും... പക്ഷെ ഇത്തവണ ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരും!" എന്ന് മത്സാരാർഥികൾക്ക് എമ്മി അവാർഡ് സംഘാടകർ അയച്ച് കത്തിൽ വിശദീകരിക്കുന്നു. ഓൺലൈനായി ചടങ്ങ് സംഘടിപ്പിക്കുന്നതിന് മികച്ച സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെ നല്ല കാമറകളും ലൈറ്റുകളും ഉപയോഗിക്കുമെന്നും കത്തിൽ വിവരിക്കുന്നുണ്ട്.