2013ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഫാമിലി ത്രില്ലർ ദൃശ്യം ജീത്തു ജോസഫിന്‍റെ കരിയറിൽ വലിയൊരു വഴിത്തിരിവായിരുന്നു. ചിത്രത്തിന്‍റെ സംവിധാനത്തോടെ ജീത്തു ജോസഫ് ഇന്ത്യയെമ്പാടും അറിയപ്പെടാൻ തുടങ്ങി. ഒപ്പം, തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഇന്ത്യക്ക് പുറത്ത് ചൈനീസ് ഭാഷയിൽ വരെ മലയാള ചിത്രത്തിന്‍റെ റീമേക്ക് ഒരുങ്ങി. ഇന്ന് രാത്രി ദൃശ്യം 2 രണ്ടാം വരവിനൊരുങ്ങുമ്പോൾ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് തന്നെ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം തെലുങ്കിൽ ഒരുക്കുമെന്നാണ് സൂചന. ഇതിനായി സംവിധായകൻ രണ്ട് ദിവസം മുമ്പ് ഹൈദരാബാദിലെത്തിയതായും പ്രമുഖ വ്യക്തികളുമായി സിനിമയെ കുറിച്ച് ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം മാർച്ച് ആദ്യ വാരം മുതൽ തെലുങ്ക് ദൃശ്യം 2വിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും പറയുന്നു.
മോഹൻലാൽ- മീന ജോഡിയിൽ മലയാളത്തിൽ നിർമിച്ച ദൃശ്യത്തിന്‍റെ തെലുങ്ക് പതിപ്പ് 2014ൽ പുറത്തിറങ്ങിയിരുന്നു. വെങ്കിടേഷിനെ നായകനാക്കി നടിയും സംവിധായികയുമായ ശ്രീപ്രിയയായിരുന്നു ദൃശ്യം എന്ന ടൈറ്റിലിൽ തെലുങ്ക് ചിത്രം ഒരുക്കിയത്. എന്നാൽ, രണ്ടാം പതിപ്പിന്‍റെ റീമേക്ക് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം.