സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാടിലൂടെ മലയാള സിനിമക്ക് വലിയൊരു നഷ്ടമാണ് ഉണ്ടായത്. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ സച്ചിയുടെ മികവില്‍ പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും ഇറങ്ങിയ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. പറയാന്‍ ബാക്കിവെച്ച ഒട്ടനവധി കഥകള്‍ ഉപേക്ഷിച്ചാണ് സച്ചി മറ്റൊരു ലോകത്തേക്ക് യാത്രയായത്. ഇപ്പോള്‍ സച്ചിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതി സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജിനെ മനസിൽ കണ്ട് സച്ചി എഴുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യാണ് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നത്. ജി.ആർ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയക്ക് വിധേയനായതും തുടര്‍ന്ന് മരണം സംഭവിച്ചതും.
ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരനായാണ് സിനിമയില്‍ പൃഥ്വിരാജ് എത്തുന്നത്. മറയൂരിലായിരിക്കും ചിത്രീകരണം. ഡബിള്‍ മോഹനനെന്നാണ് കഥാപാത്രത്തിന്‍റെ പേര്. അവസാനം പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമെന്ന സച്ചി ചിത്രത്തിലും അസിസ്റ്റന്‍റായിരുന്നു ജയന്‍ നമ്പ്യാര്‍. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊവിഡ് പൂർണമായി മാറിയതിന് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. 2021 ഡിസംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.