പ്രതിഭാധനരായ ഒരു പിടി കലാകാരന്മാരെക്കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ആരും പരീക്ഷിക്കാൻ മടിക്കുന്ന ഇതിവൃത്തങ്ങൾ അതിമനോഹരമായി ദൃശ്യവൽക്കരിച്ച് ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ച ഒരുപാട് മഹാന്മാരായ സംവിധായകരും നമുക്കുണ്ട്. അവരില്‍ മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചവരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍. അതിമനോഹരമായ ഒരു തനി നാട്ടിന്‍പുറത്തേക്ക് യാത്ര പോകണമെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ ടിവി ഓണ്‍ ചെയ്‌ത് സത്യന്‍ അന്തിക്കാടിന്‍റെ ഒരു സിനിമ കണ്ടാല്‍ മതി. അദ്ദേഹത്തിന്‍റെ കുറുക്കന്‍റെ കല്യാണം മുതല്‍ ഞാന്‍ പ്രകാശന്‍ വരെയുള്ളവയില്‍ ഏതെങ്കിലുമൊന്ന്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഏത് സിനിമയായാലും അത് നിങ്ങളെ ഒരു നാട്ടിന്‍ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകും.... നിങ്ങള്‍ അവിടെ അവരിലൊരാളാകും.... അതൊരു മായാജാലമാണ്. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍റെ മായാജാലം....
അന്തിക്കാടെന്ന നാട്ടിൻപുറത്തുകാരനായതുകൊണ്ടാണോ എന്നറിയില്ല സത്യന്‍ അന്തിക്കാട് ചെയ്‌ത സിനിമകളെല്ലാം സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ കഥകളായിരുന്നു. 'രണ്ടർഥമില്ലാത്ത കോമഡിയും മുഖം താഴ്ത്തേണ്ടി വരാത്ത സീനും ഇല്ലാത്ത സിനിമകള്‍....' എന്ന അന്തികാടൻ ഗ്യാരണ്ടി ഇന്നത്തെ കാലത്ത് ഒരു മലയാള സിനിമക്ക് കൊടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഉറപ്പാണ്. സത്യന്‍ അന്തിക്കാടൻ സിനിമയുടെ റിലീസിന്‍റെയന്ന് നീളുന്ന ക്യൂവിൽ സ്ത്രീ സാന്നിധ്യം എപ്പോഴും കൂടുതലാവും. കുറുക്കന്‍റെ കല്യാണവും കിന്നാരവും മണ്ടന്മാര്‍ ലണ്ടനിലും തുടങ്ങി ഒടുവിലിറങ്ങിയ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകളില്‍ സത്യന്‍ അന്തിക്കാട് തന്‍റെ വഴിവിട്ട് സഞ്ചരിച്ചിട്ടില്ല. ഒരേ റൂട്ടിലോടുന്ന ബസ് പോലെയാണെന്ന് ചിലര്‍ പറയുമെങ്കിലും സത്യന്‍ അന്തിക്കാട് യഥാര്‍ഥ റൂട്ടിലാണെന്നതാണ് സത്യം.
1954 ജനുവരി മൂന്നിന് തൃശൂർ ജില്ലയിൽ അന്തിക്കാട് എന്ന ഗ്രാമത്തിൽ ജനിച്ചു. 1973ൽ രേഖ സിനി ആർട്‌സിന്‍റെ സഹസംവിധായകനായി മലയാള സിനിമയിൽ എത്തി. ആദ്യ സിനിമ കുറുക്കന്‍റെ കല്യാണമാണ്. ഒരു മികച്ച സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ മലയാള സിനിമയുെട അഭിമാനമാണ് ഇന്ന് സത്യന്‍ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്.
ടി.പി ബാലഗോപാലൻ എം.എയിൽ സ്വന്തം സഹോദരിയുടെ വിവാഹം കഴിഞ്ഞ് അവൾക്ക് കൊടുക്കാനായി മുഷിഞ്ഞ നോട്ടെടുത്ത് നീട്ടുമ്പോഴും നാടോടിക്കാറ്റ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളില്‍ അമ്മയുടെ മരണവിവരം പറയുമ്പോഴും അച്ചുവിന്‍റെ അമ്മ ക്ലൈമാക്‌സ് കാണുമ്പോഴും പ്രേക്ഷകന്‍റെ കണ്ണ് നിറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സത്യന്‍ അന്തിക്കാടിന് മാത്രം അറിയാവുന്ന മാജിക്കാണ്. മലയാള സിനിമ കണ്ണഞ്ചിക്കുന്ന കാഴ്ചപ്പെടലുകളിലേക്കും കഥയില്ലായ്മയിലേക്കുമൊക്കെ മാറി സഞ്ചരിച്ചപ്പോഴും കുടുംബങ്ങളില്‍ നിന്ന് കുടിയിറങ്ങാതെ സിനിമയിലെ ഗാര്‍ഹികാന്തരീക്ഷം കാത്തുസൂക്ഷിച്ച സംവിധായകന്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്. സിനിമയിലെത്തി 38 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും ഓരോ സന്ദേശങ്ങളാണ്. 'എന്ത് മനോഹരമായ നടക്കാത്ത സ്വപനം, അവസാനം പവനായി ശവമായി, എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ...' ഇത്തരത്തിൽ നാടോടിക്കാറ്റിലെ ഡയലോഗ് നിത്യജീവിതത്തിൽ ഒരിക്കൽ എങ്കിലും പറയാത്ത മലയാളികൾ വിരളമായിരിക്കും. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് വരുന്ന ഒരു ശരാശരി പ്രവാസിയുടെ ജീവിതവും അതിജീവനവും വരച്ചുകാട്ടിയ സത്യന്‍ അന്തിക്കാട് ചിത്രം വരവേല്‍പ്പിന് ഇന്നും കേരളത്തില്‍ ആരാധകരുണ്ട്. ഗള്‍ഫുകാരനായിരിക്കുമ്പോഴും അതല്ലാതാകുമ്പോഴും ഒരു പ്രവാസിക്ക് കിട്ടുന്ന വരവേല്‍പ്പ് അത് കുടുംബത്തിലായാലും നാട്ടിലായാലും രണ്ടു തരത്തിലാണെന്ന് വരച്ച് കാട്ടിയ ചിത്രം... അതാണ് വരവേല്‍പ്പ്... ഒരുവന്‍ നന്നാവുന്നത് കാണുമ്പോള്‍ കണ്ണുകടിയുണ്ടാകുന്ന സമൂഹത്തെയും തൊഴിലാളി നേതാക്കളെന്ന ലേബലില്‍ ആട്ടിന്‍ തോലണിഞ്ഞ് നടക്കുന്ന ചെന്നായകളെയും പിടിച്ച് തൊലിയുരിച്ച് മുളക് തേച്ച സത്യന്‍ അന്തിക്കാട് ചിത്രം. തിരക്കഥാകൃത്തിനോടൊപ്പമിരുന്നാണ് സത്യന്‍ അന്തിക്കാട് തന്‍റെ സിനിമകള്‍ സൃഷ്ടിച്ചെടുക്കുന്നത്. ഒരു സിനിമ റിലീസ് ചെയ്‌ത് കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്ക് വേണ്ടി നിര്‍മാതാക്കളെ അന്വേഷിച്ച് നടക്കാത്ത അപൂര്‍വം സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. കാരണം, ഒരു സിനിമ കഴിയുമ്പോഴേക്കും മിനിമം അടുത്ത രണ്ട് സിനിമയ്ക്കുള്ള നിര്‍മാതാക്കള്‍ അദ്ദേഹത്തിനായി കാത്തുനില്‍ക്കുന്നുണ്ടാകും.
നല്ല സംവിധായകന്‍ എന്നതിലുപരി കഴിവുറ്റ ഗാനരചയിതാവ് കൂടിയാണ് സന്ത്യന്‍ അന്തിക്കാട്.... ഒരു നിമിഷം തരൂ നിന്നിലലിയാന്‍, ഓ... മൃദുലേ, വിശ്വം കാക്കുന്ന നാഥാ, താരകേ മിഴിയിതളില്‍ കണ്ണീരുമായ്... തുടങ്ങി എണ്ണം പറഞ്ഞ നിരവധി മലയാള സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ പിറവികൊണ്ടവയാണ്. കുടുംബസിനിമകളൊരുക്കുന്നതില്‍ നമ്പര്‍ വണ്ണായ മലയാളത്തിന്‍റെ സ്വന്തം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പിറന്നാള്‍ ആശംസകള്‍.