ആലപ്പുഴ: പ്രശസ്ത സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. കാൽവഴുതി നിലത്തു വീണ് ആരോഗ്യം വഷളായതിനെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം.
1995ൽ പുറത്തിറങ്ങിയ മുരളി ചിത്രം പ്രായിക്കര പാപ്പാൻ, ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍, ഗംഗോത്രി, കവചം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിരവധി സീരിയലുകളുടെയും കഥയൊരുക്കിയിട്ടുണ്ട്. ഷാജി പാണ്ഡവത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാക്കത്തുരുത്ത് സെൻസറിങ് പൂർത്തിയാക്കിയെങ്കിലും പ്രദര്‍ശനത്തിന് തയ്യാറെടുക്കവെയാണ് അദ്ദേഹം മരിച്ചത്. സംവിധായകൻ വേണു ബി.നായരാണ് കാക്കത്തുരുത്ത് എന്ന തുരുത്തിലെ ജനങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്.
ഷാജി പാണ്ഡവത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. സാംസ്‌കാരിക മേഖലക്കും സിനിമക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപ്ലവ ഗായിക പി.കെ മേദിനിയുടെ മകള്‍ ഹന്‍സയാണ് ഭാര്യ.