എറണാകുളം: ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഖാലി പേഴ്‌സ് ഓഫ് ദി ബില്ലിനേഴ്‌സ്' സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. നവാഗതനായ മാക്‌സ് വെൽ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങുകളോടെ ആരംഭിച്ചു. റോജി.എം.ജോൺ എംഎൽഎ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പുതിയ തലമുറയിലെ വിദ്യാസമ്പന്നരായ രണ്ട് ചെറുപ്പക്കാരുടെ ജീവിത പോരാട്ടത്തിന്‍റെ കഥയാണ് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്. സ്വന്തമായി ബിസിനസ് സംരംഭം സ്വപ്നം കാണുകയും തുടര്‍ന്ന് അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ഐടി പ്രൊഫഷണലുകളായ രണ്ട് ചെറുപ്പക്കാരായ ബിബിൻ ദാസും ബിബിൻ വിജയനുമാണ് പ്രധാന കഥാപാത്രങ്ങള്‍.


അമ്പിളി സിനിമയിലൂടെ ശ്രദ്ധേയയായ നടി തൻവി റാമാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അഹമ്മദ് സിദ്ദീഖ്, സോഹൻ സീനുലാൽ, രമേശ് പിഷാരടി, മേജർ രവി, അലൻസിയർ, ഇടവേള ബാബു, സരയൂ, ലെന, നീനാ കുറുപ്പ്, എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയൽ ബഞ്ചോ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറിൽ അഹമ്മദ് റൂബി സലീം, അനു ജൂബി ജെയിംസ്, നഹാസ്.എം ഹസൻ എന്നിവർ ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ, എഡിറ്റിങ് നൗഫൽ അബ്ദുള്ള, കലാ സംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് മീര മാക്‌സ്, വസ്ത്രാലങ്കാരം മൃദുല, സംഗീത സംവിധാനം പ്രകാശ് അലക്‌സ്, ഗാന രചന അനിൽ ലാൽ എന്നിവരാണ് നിര്‍വഹിക്കുക.

