ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്‍റെ ശബ്‌ദം വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കയ്യടി നേടിയിരുന്നു. അതേസമയം നടന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സൈബർ ആക്രമണവും പുരോഗമിക്കുകയാണ്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പല കമന്‍റുകളും.
ശബരിമല വിഷയത്തിൽ ഒരു സമൂഹം വേദനിച്ചപ്പോൾ എന്തിന് നിശബ്‌ദനായി ഇരുന്നുവെന്ന് സംഘപരിവാർ അനുകൂലികൾ ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് വാദകനായ പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടെന്നും കമന്‍റുകളുണ്ടായി. ബംഗാൾ കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്കോ പലസ്‌തീൻ ഭീകരാക്രണണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനോ അനുശോചനം രേഖപ്പെടുത്താത്തയാളുടെ മുതലക്കണ്ണീർ, കിട്ടിയ കാശിനുള്ള നന്ദി ആണെന്നും ഒരാൾ കമന്‍റ് ചെയ്തു. ഒപ്പം ക്ലീൻ ലക്ഷദ്വീപ് എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്.
ലക്ഷദ്വീപിൽ ഐഎസ് ഭീകരവാദികളുണ്ടെന്നും ലക്ഷദ്വീപ് വഴി പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താനും ആക്രമിക്കാനും ശ്രമിക്കുന്നുവെന്നും ചിലർ കമന്‍റ് ബോക്സിൽ ആരോപിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വാദങ്ങൾ ഉയർന്നു.
More Read: 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും
പ്രത്യേക ഉദ്ദേശത്തോടെയാണ് പൃഥ്വിരാജ് പ്രതികരിച്ചതെന്ന് വാരിയന്‍കുന്നന്‍ സിനിമയെ പരാമര്‍ശിച്ചും ഒരു കൂട്ടർ ആരോപണം ഉന്നയിച്ചു. എന്നാൽ, ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കാതെയാണ് ചിലര്‍ അവിടുത്തെ ഭരണകൂടത്തെ പിന്താങ്ങുന്നതെന്ന് പൃഥ്വിരാജിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.