മലയാളികളുെട മനംകവര്‍ന്ന ബാലതാരങ്ങളില്‍ ഒരാളാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കിയ അനിഖ അടുത്തിടെ നടത്തിയ ചില ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് നിരവധിപേര്‍ അശ്ലീല ചുവകളുള്ള കമന്‍റുകള്‍ ഇട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി അഭിരാമി വെങ്കിടാചലം. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നാണ് അഭിരാമി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള അനിഖയുടെ ഫോട്ടോകള്‍ക്ക് താഴെ വന്ന മോശം കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടും അഭിരാമി പങ്കുവെച്ചിരുന്നു. ആദ്യമായല്ല നടിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ ഇത്തരം സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. പലപ്പോഴും ഇത്തരം കമന്‍റുകള്‍ അതിരുകടന്ന് പോകാറുമുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരം പ്രവണതകള്‍ വര്‍ധിക്കാന്‍ കാരണം.
സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നുവില്‍ മംമ്തയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനിഖ സിനിമാ ജീവിതം ആരംഭിക്കുന്നത്. അജിത്തിന്‍റെ മകളായി അഭിനയിച്ചും അനിഖ ശ്രദ്ധ നേടി. അജിത്ത് ചിത്രം വിശ്വാസമാണ് അനിഖയുടെതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. രമ്യ കൃഷ്‌ണൻ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയലളിതയുടെ ബയോപിക് ക്വീൻ എന്ന വെബ് സീരിസിലും അനിഖ മുഖ്യവേഷത്തിലെത്തുന്നുണ്ട്.