രാജ്യത്ത് വീണ്ടും കൊവിഡ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 82.04 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, കർണാടക എന്നിവയുൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ സിനിമാ, സീരിയല്‍, പരസ്യ ചിത്രീകരണങ്ങള്‍ക്ക് മെയ് ഒന്ന് വരെ അനുമതി ഇല്ല. ബോളിവുഡിന്‍റെ മിക്ക ബിഗ് ബജറ്റ് സിനിമകളുടെയും ഷൂട്ടിങ് ഇതോടെ നിര്‍ത്തി വച്ചു. ഇതില്‍ ഷാരൂഖ് ഖാന്‍ സിനിമ പതാന്‍, സല്‍മാന്‍ ഖാന്‍ സിനിമ ടൈഗര്‍ 3, പ്രഭാസ് സിനിമ ആദിപുരുഷ് എന്നിവയും ഉള്‍പ്പെടും.
പതാന്‍റെ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അതിനാലാണ് ചിത്രീകരണം നിര്‍ത്തിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഷാരൂഖ് സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം പതാന്‍റെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നിഷേധിച്ചിട്ടുണ്ട്.
പതാന്‍, ആദിപുരുഷ്, ടൈഗര്‍ 3 എന്നീ സിനിമകള്‍ക്കായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സീറോയുടെ ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് വീണ്ടും സിനിമ രംഗത്ത് സജീവമാകുന്ന ചിത്രം കൂടിയാണ് പതാന്‍. ടൈഗര്‍ ഫ്രാഞ്ചൈസിയില്‍ ഉള്‍പ്പെടുന്ന ടൈഗര്‍ 3യില്‍ നായിക കത്രീന കൈഫാണ്. യഷ് രാജ് ഫിലിംസ് തന്നെയാണ് ടൈഗര്‍ 3യും നിര്‍മിക്കുന്നത്. ആദിപുരുഷ് സിനിമയുടെ സെറ്റിൽ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ചിത്രീകരണം ഏറെ നാള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നത് ചിത്രത്തിന്‍റെ പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. സെയ്‌ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് ആദിപുരുഷിലെ മറ്റ് പ്രധാന താരങ്ങള്‍.