അടുത്തിടെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള അച്ഛന്‍ ചന്ദ്രശേഖറിന്‍റെ തീരുമാനം. ഇപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് ചന്ദ്രശേഖര്‍ പിന്മാറിയെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ചന്ദ്രശേഖര്‍ കത്തയച്ചതായാണ് വിവരം.
അച്ഛന്‍റെ തീരുമാനത്തില്‍ വിജയ് തന്നെ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. വിജയുടെ ഫാന്‍സ് ക്ലബായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്‍റെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിജയ് തന്നെ ഇതിന് പ്രതികരണവുമായി രംഗത്തെത്തി. താനുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഫാന്‍സ് ആരും പാര്‍ട്ടിയില്‍ പങ്കുചേരരുതെന്ന് വിജയ് അഭ്യര്‍ഥിച്ചു. പിന്നീട് ഭാരവാഹികള്‍ ഉള്‍പ്പടെ പിന്മാറി.
തന്‍റെ പേര് ഉപയോഗിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് ആരാധകര്‍ക്കും സംഘടന ഭാരവാഹികള്‍ക്കും നല്‍കിയ നിര്‍ദ്ദേശം. വിവാദം ശക്തമായതോടെ 'വിജയ് മക്കള്‍ ഇയക്കം' പ്രവര്‍ത്തകര്‍ മധുരയില്‍ യോഗം ചേരുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്യുകയായിരുന്നു.