തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്കേപ് ഓൺലൈൻ ചലച്ചിത്രമേളക്ക് തുടക്കം. ഏഴ് വിദേശ ചിത്രങ്ങൾ ഉൾപ്പടെ മുൻവർഷങ്ങളിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച് അംഗീകാരങ്ങൾ നേടിയ 29 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 14 ഡോക്യുമെന്‍ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും ആറ് ആനിമേഷൻ സിനിമകളും നാല് കാമ്പസ് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡെലിഗേറ്റുകൾക്ക് www.idsffk.in എന്ന വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് ചിത്രങ്ങൾ കാണാം. IFFK മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തും മേളയിൽ പങ്കെടുക്കാം.
ദിവസവും വൈകിട്ട് നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്സൈറ്റിലുണ്ടാകും. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന 'ഇൻ കോൺവർസേഷൻ' പരിപാടി ദിവസവും വൈകിട്ട് നാല് മുതൽ തത്സമയം ഉണ്ടാകും. ജൂണിൽ നടക്കേണ്ടിയിരുന്ന മേള കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഓൺലൈനാക്കിയത്. 28 വരെയാണ് മേള. മന്ത്രി എ.കെ ബാലനാണ് വെള്ളിയാഴ്ച മേള ഉദ്ഘാടനം ചെയ്തത്. സോസ് - എ ബാലഡ് ഓഫ് മാലഡീസ്, ചായക്കടക്കാരന്‍റെ മൻ കി ബാത്ത്, ജംനാപ്യാർ, ചായ് ദർബാരി എന്നീ ചിത്രങ്ങൾ ശനിയാഴ്ച പ്രദർശിപ്പിക്കും. യശസ്വിനി രഘുനന്ദൻ സംവിധാനം ചെയ്ത 'ദാറ്റ് ക്ലൗഡ് നെവർ ലെഫ്റ്റ്' ആണ് സമാപന ചിത്രമായി പ്രദർശിപ്പിക്കുക.