മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിൽ നടക്കും. നിബന്ധനകളോടെ സിനിമ ചിത്രീകരണം കേരളത്തിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. രണ്ടാഴ്ചക്ക് ശേഷം കേരളത്തിലെ ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ അറിയിച്ചു.
നിലവിൽ ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേരളത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ബ്രോ ഡാഡി അടക്കമുള്ള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റിയത്.
കർശന നിയന്ത്രണങ്ങളോടെയാണ് കേരളത്തിൽ സിനിമ ഷൂട്ടിങ് ആരംഭിക്കാൻ അനുമതി നൽകിയത്. കൊവിഡ് വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തവർക്കാണ് കേരളത്തിൽ സിനിമ ചിത്രീകരണത്തിൽ ഭാഗമാകാനുള്ള അനുമതി ഉള്ളത്. എ, ബി വിഭാഗങ്ങളിൽ ഉള്ള പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്താൻ അനുമതി നൽകിയിട്ടുള്ളത്.
Also Read: കർശന നിയന്ത്രണങ്ങളോടെ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകണമെന്ന് ഫെഫ്ക അടക്കമുള്ള സിനിമ സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. സീരിയൽ ഷൂട്ടിങിന് അനുമതി നൽകിയിട്ടും സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു.