കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ ബേസിൽ ജോസഫിന്റെ പുതിയ സിനിമ മിന്നൽ മുരളിക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ടൊവിനോ തോമസ് നായകനാകുന്ന ബഹുഭാഷ ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിലെ തങ്ങളുടെ അതിപ്രധാനമായ ഒരു അഭിനേതാവിനെ നഷ്ടപ്പെട്ടതിൽ വേദന പങ്കുവയ്ക്കുകയാണ് സംവിധായകൻ. മിന്നൽ മുരളിയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛന് കുഞ്ഞേട്ടന് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം വിടവാങ്ങിയെന്നും അദ്ദേഹം തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ കാണാതെയാണ് യാത്രയായതെന്നും ബേസിൽ ജോസഫ് പറഞ്ഞു.
Also Read: സ്പൈഡര്മാന് ഗെറ്റപ്പില്‍ ടൊവിനോ ; മിന്നല്‍ മുരളി ഓണത്തിന്
പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിച്ചിരുന്ന കലാകാരനാണ് അച്ഛന് കുഞ്ഞേട്ടൻ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ യാത്രയായെങ്കിലും മിന്നൽ മുരളിക്കൊപ്പം പല നാടുകൾ സഞ്ചരിക്കാനും, പല ആളുകളുമായി ഇടപെടാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും സംവിധായകൻ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ഒപ്പം ലൊക്കേഷനിൽ അച്ഛന് കുഞ്ഞേട്ടനുമൊത്തുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോയും ബേസിൽ ജോസഫ് പങ്കുവച്ചു.
ബേസിൽ ജോസഫ് അച്ഛന് കുഞ്ഞേട്ടനെ ഓർക്കുന്നു
'മിന്നൽ മുരളി സിനിമയിലെയും സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വരികയും പിന്നീട് അസാധ്യമായ നർമബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി.
എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ്. അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത്. അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടുനിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം.
പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തുകാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രമിച്ചിരുന്ന അച്ഛൻ കുഞ്ഞേട്ടൻ, ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട്.
എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു. ആദരാഞ്ജലികൾ,' എന്ന് ബേസിൽ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.