സിനിമക്കും ക്രിക്കറ്റിനും ഒരുപോലെ പ്രിയപ്പെട്ട ദമ്പതികൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശർമയും. ഇരുവരുടെയും സന്തോഷത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുന്നുവെന്ന വാർത്തയും കഴിഞ്ഞ ഓഗസ്റ്റിൽ താരങ്ങൾ ആരാധകരോട് പങ്കുവെച്ചിരുന്നു. പിന്നീട്, ഗർഭകാലവിശേഷങ്ങളും കോലിക്കൊപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം അനുഷ്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതുമാണ്.
എന്നാൽ, തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ പിന്തുടരുന്ന ഫോട്ടോഗ്രാഫർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് നടി അനുഷ്ക. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെയാണ് ഇത്തരം ഫോട്ടോഗ്രാഫർമാർക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. വിരാട് കോലിക്കൊപ്പം ബാൽക്കണിയിൽ ഇരിക്കുന്ന അനുഷ്കയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചുവന്നതിനെ തുടർന്നാണ് താരത്തിന്റെ പ്രതികരണം. "മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും ഫോട്ടോഗ്രാഫേഴ്സും മാധ്യമങ്ങളും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. ഇത് നിർത്തുക" എന്നാണ് അനുഷ്ക കുറിച്ചത്. രണ്ടുപേരും ബാൽക്കണിയിലിരിക്കുന്ന മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയും അനുഷ്ക പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീം പരാജയപ്പെടുമ്പോൾ അതിന്റെ പഴി സമൂഹമാധ്യമങ്ങളിലൂടെ ചിലപ്പോഴൊക്കെ കേൾക്കേണ്ടി വരുന്നത് അനുഷ്കക്കായിരുന്നു. ഇതിനെതിരെയും താരം വ്യക്തമായ മറുപടി നൽകിയിരുന്നു. ക്രിക്കറ്റിൽ ഇന്ത്യ തോൽക്കുന്നതിന് അനുഷ്കയെ ട്രോളുന്നത് യഥാർഥ ആരാധകരല്ലെന്ന് പറഞ്ഞ് നടിയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.