ആലപ്പുഴ: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സിആർപിസി 174ആം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അനിലിന്‍റെ ഭാര്യ മായയുടെ മൊഴിൽ കായംകുളം പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. മരണകാരണം എന്താണ് എന്ന് വ്യക്തമായി പറയാൻ കഴിയുന്നില്ലെന്ന് അനിലിനെ ചികിത്സിച്ച ഡോക്ടർ അറിയിച്ചനെ തുടർന്നാണ് നടപടി. ഇതോടൊപ്പം പോസ്റ്റുമോർട്ടം വേണമെന്ന് അനിലിന്‍റെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത പശ്ചാത്തലത്തിൽ കായംകുളത്ത് നിന്ന് സി. ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം ചെയ്‌ത ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. കായംകുളത്തെ കുടുംബവീട്ടിൽ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് കുഴഞ്ഞുവീണ അനിലിനെ ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് രാത്രിയോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടർന്നാണ് മരണമെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണം വ്യക്തമായി പറയാൻ കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് പോസ്റ്റുമോർട്ടം എന്ന ആവശ്യം ബന്ധുക്കൾ ഉന്നയിച്ചത്.