ശനിയാഴ്‌ച അഴിമതി പുറത്തുവന്നതിന് പിറ്റേ ദിവസം തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന് പരാമർശിച്ച നടി അഹാന കൃഷ്‌ണകുമാറിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ ഉയരുന്നത് കടുത്ത വിമർശനം. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിട്ടും അതിനെ നിസാരവൽക്കരിച്ചാണ് നടി പരാമർശം നടത്തിയതെന്നും ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നുമാണ് പോസ്റ്റിന് പലരും മറുപടി നൽകിയത്. "ശനിയാഴ്‌ച- വമ്പൻ രാഷ്ട്രീയ അഴിമതിയുടെ വാർത്തകൾ പുറത്തുവരുന്നു, ഞായറാഴ്ച- തിരുവനന്തപുരത്ത് സർപ്രൈസ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു," എന്നാണ് അഹാന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാൻ കേരള സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ എന്നാണ് അഹാന പോസ്റ്റിലൂടെ സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറുപത് പേർക്ക് സമ്പർക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾക്കെതിരെയാണ് അഹാന പ്രചാരണം നടത്തിയതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.