ഷോപ്പിങ് മാളിൽവച്ച് തന്നെ അപമാനിച്ച പ്രതികൾക്ക് മാപ്പുനൽകുന്നെന്ന് യുവനടി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം നിന്നവർക്കും കേരള പൊലീസിനും ആക്രമിക്കപ്പെട്ട നടി നന്ദി അറിയിക്കുകയും ചെയ്‌തു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ വച്ച് രണ്ട് പേർ യുവനടിയെ ശാരീരികമായി അപമാനിച്ചത്. തനിക്കുണ്ടായ ദുരനുഭവം അവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിയച്ചതോടെ സംഭവം വിവാദമായി. തുടർന്ന് പൊലീസും വനിതാ കമ്മിഷനും കേസെടുത്തു. എന്നാൽ, പരാതി നൽകാനില്ലെന്ന് യുവനടിയുടെ കുടുംബം അറിയിച്ചിരുന്നു. പ്രതികൾ യാത്ര ചെയ്ത മാളിലെ ദൃശ്യങ്ങളും മെട്രോയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. എന്നാൽ, അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും മലപ്പുറം സ്വദേശികളായ പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനെ തുടർന്നാണ് പ്രതികളുടെ ക്ഷമാപണം അംഗീകരിക്കുന്നതായും ഇരുവർക്കും മാപ്പ് നൽകുന്നതായും നടി വ്യക്തമാക്കിയത്. ഒപ്പം തനിക്കും കുടുംബത്തിനുമൊപ്പം നിന്നവരോട് താരം നന്ദിയും അറിയിച്ചു.