കൊച്ചി: താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നടൻ ഷെയ്‌ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം യോഗം ചർച്ച ചെയ്യും. ഷെയ്‌ൻ നിഗത്തോടും യോഗത്തിൽ പങ്കെടുക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. താരസംഘടനയുടെ തീരുമാനമറിഞ്ഞ ശേഷം തുടർ നടപടിയെന്നാണ് നിർമാതാക്കളുടെ സംഘടന നിലപാടെടുത്തിരിക്കുന്നത്.
വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജുമായി തുടങ്ങിയ പ്രശ്‌നം നിർമാതാക്കളിൽ നിന്നുള്ള താരത്തിന്‍റ വിലക്കിൽ കലാശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരിഹാരത്തിനായി താരസംഘടന മുൻകൈയെടുത്തത്. തുടർന്ന് സംവിധായകരുടെ സംഘടനയുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തി. ഇതിനിടെ നിർമാതാക്കൾക്കെതിരെ ഷെയ്‌ൻ വിവാദ പരാമർശം നടത്തിയതോടെ താരസംഘടനയും ചർച്ചകൾ നിർത്തിയിരുന്നു. എന്നാൽ തന്‍റെ ഖേദം പ്രകടിപ്പിച്ച് കൊണ്ട് അമ്മയ്ക്കും നിർമാതാക്കളുടെ സംഘടനയ്ക്കും ഷെയ്‌ൻ കത്ത് നൽകുകയും ചെയ്‌തിരുന്നു. ശേഷം ചർച്ചകൾ തുടരാൻ താര സംഘടന തീരുമാനിച്ചു.
ഇന്ന് നടക്കുന്ന യോഗത്തിൽ ഷെയ്‌നിൽ നിന്നും ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ്, വെയിൽ, കുർബാനി സിനിമകളുടെ പൂർത്തികരണം എന്നിവയുടെ രേഖാമൂലം ഉറപ്പ് വാങ്ങും. അതിനു ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് സംഘടനയുടെ ശ്രമം. അമ്മ പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. താരസംഘടനയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഷെയ്‌നും വ്യക്തമാക്കിയിട്ടുണ്ട്.