തിരുവനന്തപുരം: ഡിജിറ്റല്‍ യുഗത്തിലേക്ക് നാട് മാറിയിട്ടും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെ നിറയുന്ന മാന്‍ഹോള്‍ വൃത്തിയാക്കി ഉപജീവനം നടത്തുന്നവരെ കണ്ടെത്താന്‍ കേരളം കണക്കെടുപ്പ് തുടങ്ങി. 2013ല്‍ നിരോധിച്ചിട്ടും കത്തുന്ന വയറിന് മുന്നില്‍ മനുഷ്യ വിസര്‍ജ്യം നീക്കാന്‍ പോലും തയ്യാറാകുന്ന നിരാലംബര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിന്‍റെ ആദ്യപടി ആയാണ് സെന്‍സസ്. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്‍റെ നിര്‍ദേശാനുസരണമാണ് സംസ്ഥാനത്തെ സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ (Manual scavenger) കണക്കെടുപ്പ് നടത്താന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുവന്നത്.
ഒക്ടോബര്‍ 7ന് അന്തിമ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി നാല് ജില്ലകളുടെ സെന്‍സസ് റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് സെന്‍സസ് നടത്തേണ്ടത്. ഇതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെന്‍സസ് നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തും. ഇതിനായി നല്‍കുന്ന പ്രത്യേക ഫോണ്‍ നമ്പര്‍ വഴി ശുചീകരണ തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ഈ നമ്പറുകളില്‍ ബന്ധപ്പെടുന്നവരുടെ ആധാര്‍ കാര്‍ഡ്, സാമ്പത്തിക വിവരങ്ങള്‍, ജോലിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഇതിനായി സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അതാത് ജില്ലയിലെ കലക്‌ടര്‍മാരാകും ഇത് ക്രോഡീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റിലേക്ക് സമര്‍പ്പിക്കുക. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റ് ഇത് പരസ്യപ്പെടുത്തുകയും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ രാജ്യവ്യാപക സെന്‍സസിന്‍റെ ഭാഗമായാണ് കേരളവും സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ കണക്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ 'നമസ്‌തേ' (നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്‌ഡ് സാനിറ്റേഷന്‍ ഇക്കോ സിസ്റ്റം) പദ്ധതിയുടെ പുരോഗതി കൂടി വിലയിരുത്താന്‍ ലക്ഷ്യമിട്ടാണ് സെന്‍സസ് നടത്തുന്നത്. 2013ലും 2018ലുമാണ് അവസാനമായി ദേശീയ തലത്തില്‍ സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികളുടെ സെന്‍സസ് നടക്കുന്നത്.
സെന്‍സസ് പൂര്‍ത്തിയായ ശേഷം കണ്ടെത്തുന്ന തൊഴിലാളികള്‍ക്ക് പിപിഇ കിറ്റ്, പരിശീലനം, ആരോഗ്യ പരിരക്ഷ, പലിശ രഹിത വായ്‌പ സാധ്യത എന്നിവ ഉറപ്പാക്കണമെന്നും നിയമമുണ്ട്. 2018ലെ സെന്‍സസില്‍ 518 സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴിലാളികള്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ മാന്‍ഹോളിലിറങ്ങുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷ സംവിധാനങ്ങള്‍ വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍റെ അടക്കം കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല.
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് പിന്നാലെ ഇത് വലിയ ചര്‍ച്ച വിഷയവുമായിരുന്നു. രാജ്യത്ത് സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളില്‍ 92 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ, ഇതര പിന്നാക്ക സമുദായങ്ങളില്‍ പെട്ടവരാണെന്ന കണക്കുകളും കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി പുറത്തുവിട്ടിരുന്നു. 2013ലായിരുന്നു സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴില്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആക്‌ട് നിലവില്‍ വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഏറ്റവും ഒടുവില്‍ 2018ല്‍ നടന്ന സെന്‍സസ് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നും 44,217 മനുഷ്യര്‍ സെപ്‌റ്റേജ് മാലിന്യ ശുചീകരണ തൊഴില്‍ ചെയ്‌ത് ജീവിക്കുന്നുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച 2018ലെ സെന്‍സസ് കണക്കുകള്‍ ഇങ്ങനെ:
സംസ്ഥാനം | എണ്ണം |
ആന്ധ്രാപ്രദേശ് | 1734 |
അസം | 3771 |
ബിഹാര്‍ | 0 |
ചത്തിസ്‌ഗഡ് | 0 |
ഗുജറാത്ത് | 105 |
ജാര്‍ഖണ്ഡ് | 192 |
കര്‍ണാടക | 2238 |
കേരളം | 518 |
മധ്യപ്രദേശ് | 474 |
മഹാരാഷ്ട്ര | 6325 |
ഒഡിഷ | 0 |
പഞ്ചാബ് | 141 |
രാജസ്ഥാന്‍ | 2340 |
തമിഴ്‌നാട് | 56 |
ഉത്തര്‍പ്രദേശ് | 20,884 |
ഉത്തരാഖണ്ഡ് | 4854 |
പശ്ചിമ ബംഗാള്‍ | 585 |
ആകെ | 44,217 |
Also Read: ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടി വീഴും; ക്ലീൻ ആൻ്റ് ഗ്രീൻ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ