ചെന്നൈ : സംസ്ഥാനത്ത് ഒക്‌ടോബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ വിജയ്‌യുടെ ആരാധക സംഘടന തയ്യാറെടുക്കുന്നതിനിടെ, തന്‍റെ പേര് ഉപയോഗിച്ചതിന് മാതാപിതാക്കൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ദളപതി വിജയ്. തന്‍റെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് താരം കേസ് ഫയൽ ചെയ്‌തത്.
Also Read: നിലപാട് പ്രഖ്യാപിച്ച യാത്ര; കേരളത്തിലെ ആരാധകർ ഒരുക്കിയ പിറന്നാൾ ഡിപി
തന്‍റെ പേര് ഉപയോഗിച്ച് ഏതെങ്കിലും കൂടിക്കാഴ്‌ചയോ, രാഷ്‌ട്രീയ പ്രവർത്തനങ്ങളോ നടത്തുന്നതിൽ നിന്ന് അവരെ തടയണമെന്നും അവർക്കെതിരെ താൽക്കാലിക സ്റ്റേ പുറപ്പെടുവിക്കണമെന്നുമാണ് വിജയ് കോടതിയോട് അഭ്യർഥിച്ചിരിക്കുന്നത്. കേസ് സെപ്‌റ്റംബര്‍ 27ന് പരിഗണിക്കും.
രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി തന്‍റെ പേര് ഒരു രീതിയിലും ഉപയോഗിക്കരുതെന്ന് നിർദേശിച്ച് താരം പിതാവ് എസ്.എ ചന്ദ്രശേഖറിന് നോട്ടിസ് അയച്ചു. കൂടാതെ, തന്‍റെ ആരാധക സംഘടനയിലെ അംഗങ്ങളെയും വിജയ് സിവിൽ സ്യൂട്ടിൽ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
വിജയ്‌യുടെ പേര് ഉപയോഗിച്ച് പ്രചാരണം നടത്താൻ തയ്യാറായി ഫാൻസ് ക്ലബ്ബ്
വെള്ളിയാഴ്‌ച വിജയ്‌യുടെ ആരാധക കൂട്ടായ്‌മയിലെ ഭാരവാഹികൾ പനയൂരിൽ യോഗം ചേർന്നെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചെന്നും വാർത്തകളുണ്ടായിരുന്നു. ആരാധക കൂട്ടായ്‌മയായി അല്ല മത്സരരംഗത്ത് ഇറങ്ങുന്നതെങ്കിലും, പ്രചാരണത്തിനായി ദളപതി വിജയ്‌യുടെ പേര് ഉപയോഗിക്കാമെന്ന തീരുമാനത്തിലും ഇവർ എത്തിച്ചേര്‍ന്നെന്നാണ് റിപ്പോർട്ട്.
മുൻപ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്‌യുടെ പേരിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പുതിയ രാഷ്‌ട്രീയപ്പാർട്ടി രൂപവത്കരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വിജയ് ഇത് തള്ളിയതോടെ ചന്ദ്രശേഖറിന് ഇതിൽ നിന്ന് പിന്മാറേണ്ടി വന്നു.