ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം 'മേപ്പടിയാന്‍റെ' ചിത്രീകരണം ഡിസംബറിലാണ് അവസാനിച്ചത്. ഉണ്ണിയുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് മേപ്പടിയാന്‍. കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്. ആ വിഷമഘട്ടങ്ങളിലും മേപ്പടിയാന്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും കൃത്യമായി ഭക്ഷണം നല്‍കിയ മെസ് ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ് ഉണ്ണി. കൊവിഡ് പ്രതിസന്ധിക്കിടയിലും ക്രൂവിലെ എല്ലാവര്‍ക്കും മികച്ച ഭക്ഷണം ഒരുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. അത് നല്ലരീതിയില്‍ തന്നെ മെസ് ടീം ഒരുക്കിയിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'പകര്‍ച്ചവ്യാധി സമയത്തെ ചിത്രീകരണത്തിനിടയിലും മികച്ചതും ആരോഗ്യപൂര്‍ണവുമായ ഭക്ഷണം ഒരുക്കിയ മെസ് ടീമിന് ഞാന്‍ നന്ദി അറിയിക്കുന്നു. ഏറെ പ്രതിസന്ധിക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറപ്രവര്‍ത്തകരുടെ വലിയ പ്രയത്‌നം തന്നെ വേണ്ടി വന്നിട്ടുണ്ട്. ചിത്രം റിലീസാകാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. ഞങ്ങള്‍ ചിത്രീകരണം ആസ്വദിച്ചത് പോലെ ഈ സിനിമ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു' - എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ കുറിച്ചത്.
വിഷ്ണു മോഹനാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. നാട്ടിന്‍പുറത്തുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു മെക്കാനിക്കാണ് ഉണ്ണി മുകുന്ദന്‍. കഥാപാത്രത്തിനായി ശരീര ഭാരം വര്‍ധിപ്പിച്ച് ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയകൃഷ്ണൻ എന്നാണ് ഉണ്ണി മുകുന്ദന്‍ കഥാപാത്രത്തിന്‍റെ പേര്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അഞ്‌ജു കുര്യൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പോളി വിൽസൻ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നീൽ.ഡി.കുഞ്ഞയാണ് ഛായാഗ്രാഹണം. രാഹുൽ സുബ്രഹ്മണ്യമാണ് സംഗീതം നിര്‍വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും.