കള സിനിമയുടെ ചിത്രീകരണത്തിനിടയിൽ വയറിന് പരിക്കേറ്റ് ആറ് ദിവസമായി ചികിത്സയിലായിരുന്ന ടൊവിനോ തിങ്കളാഴ്‌ചയാണ് ആശുപത്രി വിട്ടത്. രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും ആരോഗ്യസ്ഥിതി പരിശോധിക്കും. ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിരീക്ഷണത്തിനായി ആദ്യം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ടൊവിനോ. കഴിഞ്ഞ ദിവസം താരത്തിന്‍റെ വയറിന്‍റെ ഭാഗത്ത് വീണ്ടും സിടി ആൻജിയോഗ്രാം നടത്തിയിരുന്നു. അതിൽ രക്തം കട്ടിപിടിച്ചിരിക്കുന്നത് പരിഹരിച്ചു. ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയ താരത്തിന് ഹൃദ്യമായ കുറിപ്പിലൂടെ സ്വീകരണം ഒരുക്കിയിരിക്കുകയാണ് മക്കളായ ഇസയും താഹാനും. 'അപ്പയെ ഒരുപാട് മിസ് ചെയ്‌തു'വെന്നാണ് കളര്‍പെന്‍സില്‍ ഉപയോഗിച്ച് ഇസ എഴുതിയിരുന്നത്. തന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മികച്ച സിനിമകളും നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
'വീട്ടിലെത്തി.... നിലവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല... അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണ് നിര്‍ദേശം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്‍റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്‌ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി... നിറയെ സ്നേഹം... ഹൃദയത്തോട് എത്രയധികം ചേര്‍ത്തുവെച്ചാണ് നിങ്ങള്‍ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്ത ബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്‍റെ പ്രേരകശക്തി. മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം...' ഇതായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.