പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മാമുക്കോയ. ഇരുപത് കോടി ജനങ്ങളെ ഒരു ചുക്കും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെന്ന് മാമുക്കോയ പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപോകാന്‍ നില്‍ക്കുമ്പോള്‍ കൈയ്യുടെയോ വിരലിന്‍റെയോ കാര്യം ആലോചിച്ച് ആകുലപ്പെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേപ്പട്ടി ആക്രമിക്കാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ യോഗം കൂടി തീരുമാനം എടുക്കുകയല്ലല്ലോ നമ്മള്‍ ചെയ്യാറുള്ളത്. എന്താണ് ആ സമയത്ത് ചെയ്യേണ്ടത് അത് ചെയ്യുകയല്ലേ ഉണ്ടാകൂവെന്നും മാമുക്കോയ ചോദിച്ചു. രാജ്യത്ത് മുസ്ലീം പേരുകളുള്ള റോഡുകളും സ്ഥലങ്ങളും പുനര്‍നാമകരണം നടത്തിയാണ് അവര്‍ ഈ പരിപാടി ആരംഭിച്ചതെന്നും മാമുക്കോയ പറഞ്ഞു. ബാപ്പയുടെ കാലം മുതല്‍ ഞങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. തുടര്‍ന്നും ഇവിടെ തന്നെ ജീവിക്കും. പോരാടാനാണ് തീരുമാനമെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു.