മലയാള സിനിമയിലെ യുവതാരങ്ങളായ നടൻ ബാലു വർഗീസും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്നാണ് ബാലുവിന്‍റെയും വിഷ്ണുവിന്‍റെയും വിവാഹം.
നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വർഗീസിന്‍റെ വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. പുതുവർഷപ്പുലരിയിലാണ് എലീനയുമായി പ്രണയത്തിലാണെന്ന വിവരം ബാലു ആരാധകരുമായി പങ്കുവച്ചത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചേരാനല്ലൂർ സെന്‍റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം. വൈകിട്ട് വല്ലാർപാടം ആൽഫാ ഹൊറസൈനിൽവച്ച് വിവാഹസൽക്കാരവും നടക്കും.
കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ വിവാഹം. തുടർന്ന് കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് വിവാഹസൽക്കാരം നടക്കും. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബാലു വർഗീസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെറുതും വലുതുമായി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ ബാലു വേഷമിട്ടിട്ടുണ്ട്.
2003ല്‍ പുറത്തിറങ്ങിയ എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും വിഷ്ണുവായിരുന്നു.