തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് മുന്നൊരുക്കങ്ങൾ തുടങ്ങി. പതിവു പോലെ ഡിസംബർ 10 മുതൽ ചലച്ചിത്രോത്‌സവം നടത്താനാണ് തയ്യാറെടുപ്പ്. എന്നാൽ, തിരുവനന്തപുരത്ത് മാത്രമായി മേള നടത്തുമെന്ന് ഉറപ്പില്ല. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമ്പോഴേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഇരുപത്തിയഞ്ചാമത് മേള മഹാമാരിയുടെ പശ്ചാത്തലത്തിൽ നാലു മേഖലകളിലായാണ് നടത്തിയത്. കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ഇക്കുറിയും അതിന് സാധ്യതയുണ്ട്.
More Read: സിനിമയുടെ ഉത്സവകാലം വരുന്നു, ഐഎഫ്എഫ്കെ ഡിസംബർ 10 മുതൽ തലസ്ഥാനനഗരിയിൽ
ഡിസംബർ 10 മുതൽ 17 വരെയാണ് മേള. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മത്സരവിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഉണ്ടാവുക. മലയാള സിനിമ വിഭാഗത്തിലേക്ക് സിനിമകൾ സമർപ്പിക്കേണ്ട അവസാന തിയതി ഈ മാസം 30 വരെ നീട്ടി നൽകിയിട്ടുണ്ട്.