2020ല്‍ ഏറ്റവും കൂടുതൽ പേര്‍ ട്വീറ്റ് ചെയ്‌ത സൗത്ത് ഇന്ത്യൻ സൂപ്പർതാരം തെലുങ്ക് നടൻ മഹേഷ് ബാബു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ സൂപ്പർതാരങ്ങളിൽ ട്വിറ്ററിൽ ഇന്ത്യക്കാർ ഏറ്റവുമധികം ട്വീറ്റ് ചെയ്‌ത പുരുഷ സെലിബ്രിറ്റിയാണ് മഹേഷ് ബാബു. തെലുങ്ക് സൂപ്പർതാരവും രാഷ്‌ട്രീയക്കാരനുമായ പവൻ കല്യാണിനെയും ദളപതി വിജയ്‌യെയും മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിനെയും മറികടന്നാണ് മഹേഷ് ബാബു ഒന്നാമനായത്.
ട്വിറ്റർ ഇന്ത്യ തന്നെയാണ് വാർത്ത ഔദ്യോഗികമായി അറിയിച്ചത്. മഹേഷ് ബാബുവിന് പിന്നാലെ പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, സൂര്യ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. ദക്ഷിണേന്ത്യ മുഴുവനും ആരാധകരുള്ള അല്ലു അർജുൻ ഈ വർഷം എറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്‌ത താരങ്ങളിൽ ആറാം സ്ഥാനത്തുണ്ട്. തൊട്ടു പിന്നാലെ രാം ചരൺ തേജ, ധനുഷ് എന്നിവരുമുണ്ട്.
മലയാളത്തിൽ നിന്നും ആദ്യ പത്തിൽ എത്തിയത് മോഹൻലാൽ മാത്രമാണ്. മോഹൻലാൽ ഒമ്പതാം സ്ഥാനത്തും തെലുങ്ക് നടൻ ചിരഞ്ജീവി പത്താം സ്ഥാനത്തുമാണുള്ളത്.