പാ രഞ്ജിത്തിന്‍റെ ആദ്യ സ്‌പോർട്‌സ് ഡ്രാമ ചിത്രം... വമ്പൻ താരനിരയെ അണിനിരത്തി നീലം പ്രൊഡക്ഷൻസിന്‍റെയും കെ9 സ്റ്റുഡിയോസിന്‍റെയും ബാനറിൽ നിർമിച്ച സാർപട്ടാ പരമ്പരൈ ആമസോൺ പ്രൈമിലൂടെ ജൂലൈ 22ന് തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസിനെത്തി.
എഴുപതുകളുടെ പശ്ചാത്തലത്തിൽ വടക്കൻ ചെന്നൈയിലെ ബോക്‌സിങ് പാരമ്പര്യത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ ആര്യക്കൊപ്പം ജോൺ കൊക്കെൻ, പശുപതി, ദുഷാര വിജയൻ, കലൈയരസൻ, സന്തോഷ് പ്രതാപ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.
കബിലനെന്ന ബോക്‌സറായാണ് ആര്യ വേഷമിട്ടത്. മൾട്ടി- സ്റ്റാർ ചിത്രത്തിൽ വെട്രിസെൽവനായി കലൈയരസനും വേമ്പുലിയായി ജോൺ കൊക്കെനും രാമനായി സന്തോഷ് പ്രതാപും മികവുറ്റ പ്രകടനം കാഴ്‌ചവച്ചു.
വമ്പൻ മേക്കോവറിലുള്ള താരങ്ങളുടെ വർക്ക്‌ഷോപ്പ് വീഡിയോകളും പരിശീലനവുമെല്ലാം ഇതിനോടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം, പാ രഞ്ജിത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന പ്രതികരണവുമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ സിനിമ നേടുന്നത്.
ചിത്രത്തിന്‍റെ വിശേഷവുമായി സാർപട്ടാ പരമ്പരൈ താരങ്ങൾക്കൊപ്പം...
ജോൺ കൊക്കെൻ സാർപട്ടാ വിശേഷങ്ങളുമായി
ബാഹുബലി പോലെയൊരു വമ്പൻ ചിത്രത്തിന്‍റെ ഭാഗമായിരുന്നു ജോൺ കൊക്കെൻ. എന്നാൽ, പഴയ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ കഥാപാത്രമാണ് സാർപട്ടായിലേക്ക് വരുമ്പോൾ. ചിത്രത്തിലെ വേമ്പുലി എന്ന കഥാപാത്രത്തെ കുറിച്ച് പറയാനുള്ളത്?
എന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത് മലയാള സിനിമയിൽ നിന്നാണ്. മമ്മൂട്ടിയുടെ ലവ് ഇൻ സിംഗപ്പൂരിൽ വില്ലനായി അഭിനയിച്ചുതുടങ്ങി. പിന്നീട് മോഹൻലാലിനൊപ്പം അലക്‌സാണ്ടർ ദി ഗ്രേറ്റ്, സുരേഷ് ഗോപിക്കൊപ്പം ഐജി ചിത്രങ്ങളിലും പ്രതിനായകനായി വേഷമിട്ടു.
തമിഴ്, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായി. എന്നാൽ, സാർപട്ടായിലെ വേമ്പുലി വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ്. എഴുപതുകളിലെ ഭാഷ വളരെ വ്യത്യസ്‌തമാണ്. ചിത്രത്തിൽ ബോക്‌സറായുള്ള കഥാപാത്രത്തിനും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ശാരീരികമായും ഭാഷാശൈലിയിലായാലും വലിയ തയ്യാറെടുപ്പുകൾ എടുത്തിരുന്നു.
രഞ്ജിത്ത് സാറിനെ ഇംപ്രസ് ചെയ്യുക എന്നത് അൽപം പ്രയാസമായിരുന്നു. അതിന് വേണ്ടി നന്നായി പരിശ്രമിച്ചുവെന്നും ജോൺ കൊക്കെൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കൂടുതൽ സീനുകളും ആര്യയുടെ കബിലനുമായാണ്. എങ്ങനെയായിരുന്നു ആര്യയുമായുള്ള സ്ക്രീൻ അനുഭവം?
ആര്യയുമായും സന്തോഷ് പ്രതാപുമായും ആയിരുന്നു ഏറ്റവും കൂടുതൽ സീനുകളും. ശരിക്കും ബോക്‌സിങ് ചെയ്യുന്നത് പോലെയായിരുന്നു ഷൂട്ടിങ്. ഞാൻ അടിച്ച് സന്തോഷ് പ്രതാപിന്‍റെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയൊരു അനുഭവം നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല.
ആര്യ ഒരു താരമായല്ല പെരുമാറിയിരുന്നത്. വളരെ സഹകരണത്തോടെ അഭിനയിച്ചു. ക്ലൈമാക്‌സ് സീൻ ഒക്കെയായപ്പോൾ ആര്യയും ഞാനും തമ്മിൽ ശരിക്കും ബോക്‌സിങ് റിങ്ങിൽ ഫൈറ്റ് ചെയ്യുകയായിരുന്നു. ഇടിക്കുന്ന ശബ്ദം കേട്ടാലാണ് രഞ്ജിത്ത് ഓകെ പറയുന്നത്. ആര്യയൊക്കെ ക്ലൈമാക്‌സ് ആയപ്പോൾ ശരിക്കും അടിക്കാൻ പറഞ്ഞു. അത്രക്ക് എല്ലാരും പരിശ്രമിച്ചതിനാൽ തന്നെ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഇത് വലിയ അനുഭവമായിരുന്നു.
സാർപട്ടാ ഒരു കരിയർ ബ്രേക്ക് ചിത്രമായിരിക്കും എന്ന് പറയാമോ?
അതെ. ഉറപ്പായും ഞങ്ങൾക്കെല്ലാവർക്കും സാർപട്ടാ ഒരു കരിയർ ബ്രേക്ക് ആയിരിക്കും. സന്തോഷ് പ്രതാപ് വഴിയാണ് ഞാൻ ഈ ചിത്രത്തിലേക്ക് വരുന്നത്. സീഫൈവിൽ ഞങ്ങൾ ഒരുമിച്ച് ഒരു വെബ് സീരീസിൽ അഭിനയിച്ചു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പാ രഞ്ജിത്തിലേക്ക് എത്തിച്ചത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ എല്ലാവർക്കും ഈ സിനിമയും പ്രാധാന്യമുള്ളതാണ്.
- " class="align-text-top noRightClick twitterSection" data="">
സന്തോഷ് പ്രതാപ് സാർപട്ടാ വിശേഷങ്ങളുമായി
പാ രഞ്ജിത്തിന്‍റെ ആദ്യ സ്‌പോർട്‌സ് ഡ്രാമ. ഒരു വമ്പൻ താരനിരക്കൊപ്പം സാർപാട്ടയുടെ ഭാഗമായപ്പോഴുള്ള അനുഭവം?
മലയാളസിനിമയുമായി എനിക്ക് ബന്ധമുണ്ട്. ആദ്യം എനിക്ക് ദുൽഖറും സണ്ണി വെയ്‌നുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അത് നടന്നില്ല.
പിന്നീട് തമിഴിലും മലയാളത്തിലും ഒരുപോലെ പരിശ്രമിച്ചുകൊണ്ടേയിരുന്നു. സാർപട്ടാ പരമ്പരൈയിലെ ഓരോരുത്തരും എനിക്ക് പ്രചോദനമായ താരങ്ങളാണ്. പശുപതി, കാലി വെങ്കട്ട്, കലൈയരസൻ എല്ലാം എനിക്ക് വളരെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
മദ്രാസിലെ അൻപ് മാത്രമല്ല, അദ്ദേഹത്തിന്‍റെ മുമ്പുള്ള ചിത്രങ്ങളും കണ്ട് നടനെന്ന രീതിയിൽ വലിയ പ്രചോദനമായിട്ടുണ്ട്. ഒരു സിനിമയിൽ അവസരങ്ങൾ അത് ചെറുതാണെങ്കിലും വലുതാണെങ്കിലും പ്രാധാന്യമുള്ളതാണ്. സാർപട്ടായിൽ ഒരു 50 കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവരോരോരുത്തരും പേരെടുത്ത് പറയേണ്ടവരാണ്.
മികച്ച പ്രകടനം കാഴ്‌ചവക്കുക എന്നതും അതിനാൽ തന്നെ ഒരോരുത്തർക്കും വെല്ലുവിളി ആയിരുന്നു.
മലയാളത്തിലേക്ക് പുതിയ ചിത്രങ്ങൾ?
ഒരു പുതിയ ആൽബം അഭിനയിക്കുന്നുണ്ട്. അതിന്‍റെ ഷൂട്ട് വൈകിപ്പോയി. എന്നാൽ ഉടൻ തന്നെ അത് റിലീസിനെത്തിക്കും.
കൊവിഡിന് മുമ്പും ശേഷവുമുള്ള ഷൂട്ടിങ് അനുഭവം?
ബോഡി ബിൽഡിങ് സിനിമയുടെ വലിയൊരു ഘടകമാണ്. സിനിമയിലെ ഓരോ താരങ്ങളും കൊവിഡിന് മുൻപും ശേഷവും അവരുടെ ബോഡി മാനേജ് ചെയ്‌ത് പോകേണ്ടതായി വന്നു. അതിൽ സംവിധായകനും ശ്രദ്ധിച്ചു.
ആര്യക്ക് സാർപട്ടായിൽ രണ്ട് ലുക്കാണുള്ളത്. അതിനാൽ തന്നെ ചിത്രീകരണം വൈകിയപ്പോൾ അത് മാനേജ് ചെയ്യുക എന്നതും പ്രാധാന്യമുള്ളതായിരുന്നു.
കലൈയരസൻ സാർപട്ടാ വിശേഷങ്ങളുമായി
മദ്രാസ്, കബാലി തുടങ്ങിയ പാ രഞ്ജിത്ത് ചിത്രങ്ങൾക്ക് ശേഷം സാർപട്ടാ പരമ്പരൈയിലും ഭാഗമാകുന്നു. മദ്രാസിലെ അൻബു എന്ന കഥാപാത്രത്തിൽ നിന്നും വെട്രിസെൽവനിലേക്ക് എത്താൻ പാ രഞ്ജിത്ത് എത്രമാത്രം സഹായിച്ചു?
വെട്രിസെൽവൻ വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ്. ഒരേ സംവിധായകന്‍റെ കീഴിലായതിനാൽ അദ്ദേഹം നമ്മുടെ അഭിനയത്തിലും കാര്യമായി ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ തികച്ചു വ്യത്യസ്‌തമായ പ്രകടനം പുറത്തെടുക്കണമായിരുന്നു.
എത്ര രീതിയിൽ മികച്ചതാക്കിയാലും രഞ്ജിത്ത് സാറിന്‍റെ പ്രശംസ കിട്ടുകയെന്നത് പ്രയാസമാണ്. ഇപ്പോഴും ഞാൻ ഏതെങ്കിലും ആക്‌ടിങ് ക്ലാസിൽ പോകണമെന്നും ഒരുപോലെയുള്ള വേഷങ്ങൾ ചെയ്യരുതെന്നുമാണ് അദ്ദേഹം പറയാറുള്ളത്. 1970കളിലെ ഒരു കഥാപാത്രമായതിനാൽ തന്നെ വെട്രിസെൽവൻ അത്രയും വ്യത്യസ്‌തമായി അവതരിപ്പിക്കാൻ സാധിച്ചു.
തിയേറ്റർ റിലീസുകൾ ആഘോഷമാക്കുന്നവരാണ് തമിഴ് പ്രേക്ഷകർ. എന്നാൽ, തിയേറ്റർ പ്രേക്ഷകർക്കായി നിശ്ചയിച്ച ചിത്രം ഒടിടിയിലേക്ക് വരുമ്പോൾ അതിനെ എങ്ങനെ പ്രേക്ഷകർ ഉൾക്കൊള്ളുമെന്നാണ് തോന്നുന്നത്?
തിയേറ്ററിനേക്കാൾ കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നിടമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. തിയേറ്ററിലെ കരഘോഷങ്ങളും ആർപ്പുവിളികളുമൊക്കെ മറ്റൊരു അനുഭവമാണ്. എന്നാൽ, ഒടിടി ഒരു ഗെയിം ചേഞ്ചറായാണ് തോന്നുന്നത്. പല ഭാഷകളിലുള്ളവർക്കും ഒരേ സമയം ചിത്രം കാണാം.
More Read: 'സാർപട്ടാ പരമ്പരൈ'യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പാ രഞ്ജിത്ത്
താരങ്ങളെന്ന നിലയിൽ മറ്റ് ഭാഷകളിലേക്ക് കൂടി സിനിമ എത്തുന്നത് ഞങ്ങളുടെ കരിയറിനെയും സ്വാധീനിക്കും. ചിലപ്പോൾ വല്ല ഹോളിവുഡിൽ നിന്നും അവസരം ലഭിച്ചാലോ....