എപ്പോഴും ഒരു നനുത്ത പുഞ്ചിരി ചുണ്ടിൽ കരുതുന്ന സുശാന്ത്... ആ ചിരികളിൽ, അയാൾ നൽകിയ കഠിന പ്രയത്‌നവും നേരിടേണ്ടി വന്ന കടുത്ത അവഹേളനങ്ങളുമുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. വിഷാദരോഗത്തിന്‍റെ കടുപ്പത്തിൽ കഴുത്തിൽ കയർ കുരുക്കി തങ്ങളുടെ പ്രിയപ്പെട്ട നടൻ മരണത്തിലേക്ക് നടന്നുനീങ്ങുമെന്ന് ആരും സങ്കൽപ്പിച്ചിട്ട് കൂടിയില്ല.
സിനിമയിലെത്തുന്നതിന് മുൻപ് പവിത്ര രിഷ്‌തയിലൂടെയും കിസ് ദേശ് മേം ഹേ മേരേ ദിൽ തുടങ്ങിയ സീരിയലുകളിലൂടെയും മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരനായിരുന്നു, ബിഹാറിലെ ഉൾഗ്രാമത്തിൽ നിന്നും സിനിമാസ്വപനങ്ങളുടെ ചിറകിലേറി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരൻ.
ടിവി പരമ്പരകൾക്ക് ശേഷം കൈ പോ ചെയിലെ ഇഷാനിലൂടെയും ശുദ്ധ് ദേസി റൊമാൻസിലെ രഘു റാമിലൂടെയും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയായും കേദാർനാഥിലെ മൻസൂർ ഖാനായും പികെയിൽ സർഫറാസായും ബിഗ് സ്ക്രീനെയും അമ്പരിപ്പിച്ച താരമായിരുന്നു സുശാന്ത് സിംഗ് രജ്‌പുത്.
എം.എസ് ധോണിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചപ്പോഴാകട്ടെ, കാപ്റ്റൻ കൂളിന്‍റെ കാർബൺ കോപ്പിയാണ് സുശാന്ത് എന്നാണ് അദ്ദേഹത്തിന്‍റെ പ്രകടനമികവ് സാക്ഷ്യപ്പെടുത്തിയത്.
ബോളിവുഡിലെ സ്വജനപക്ഷപാതം
പഠിക്കാൻ മിടുക്കൻ, ഗംഭീര ഡാൻസർ, സ്വാഭാവികത്വം നിറഞ്ഞ അഭിനയം, ബോളിവുഡിലെ നായകന്മാർക്കിണങ്ങുന്ന സൗന്ദര്യം... സിനിമയിൽ അയാൾ പരാജിതനായിരുന്നില്ല, എന്നാൽ, ബോളിവുഡിൽ പരാജയപ്പെട്ടു...
സുശാന്ത് സ്വയം ജീവനെടുത്തുവെന്ന വാർത്തയിൽ അതീവ ദുഃഖിതരായിരുന്ന ആരാധകരുടെ ഇടയിലേക്ക് ബോളിവുഡ് നടി കങ്കണ റണൗട്ട് ഒരു വീഡിയോയുമായി എത്തി. സുശാന്തിന്‍റേത് ആത്മഹത്യ അല്ല, കരൺ ജോഹറും സൽമാൻ ഖാനും ആലിയ ഭട്ടുമുൾപ്പെടുന്ന ബോളിവുഡിലെ കുടുംബതാരങ്ങളുടെ ആധിപത്യവും ഇടപെടലുമാണ് സുശാന്തിന് പല അവസരങ്ങളും നഷ്‌ടമാക്കിയതെന്ന് കങ്കണ വീഡിയോയിൽ ആരോപിച്ചു.
ആരാധകർ ക്ഷുഭിതരായി.. സുശാന്തിന്‍റെ ഇഷ്‌ടതാരം കിംഗ് ഖാനെതിരെ പോലും വിമർശനങ്ങൾ ഉയർന്നു. സ്വജനപക്ഷപാതത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗുകൾ നിറഞ്ഞു.
ഒരു സിനിമാതാരത്തിന്‍റെ മരണം ചലച്ചിത്രമേഖലയെ ഇത്രയധികം പിടിച്ചുകുലുക്കിയ മറ്റൊരു സംഭവം ചരിത്രത്തിലുണ്ടായിട്ടില്ല. സുശാന്തിന്‍റെ മരണം തിരികൊളുത്തിയത് ബോളിവുഡിലെ കുടുംബവാഴ്‌ചയ്‌ക്ക് നേരെയുള്ള വാദങ്ങൾക്കും വിവാദങ്ങൾക്കുമായിരുന്നു.
More Read: സുശാന്തിന്‍റെ മരണം .. മാസങ്ങൾ നീണ്ട അന്വേഷണം എവിടെയെത്തി?
കങ്കണയുടെ ആരോപണം നിസാരമായി കാണാൻ സുശാന്തിന്‍റെ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. നടിക്ക് പിന്നാലെ പ്രേക്ഷകരും സമൂഹമാധ്യമങ്ങളും നവമാധ്യമങ്ങളും ഉണർന്നു. കോഫി വിത്ത് കരൺ എന്ന പരിപാടിയും ഫിലിം ഫെയർ, ഐഫ പോലുള്ള താരനിബിഡമായ പുരസ്‌കാര ചടങ്ങുകളും സുശാന്ത് പങ്കെടുത്ത പാർട്ടികളുമെല്ലാം കങ്കണയുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു എന്ന് ജനങ്ങൾ ഇരുത്തിചിന്തിച്ചു.
സ്വജനങ്ങൾക്ക് മാത്രം അവസരം നൽകി പുറത്ത് നിന്നെത്തുന്നവരെ തഴഞ്ഞ കുടുംബതാരങ്ങളുടെ ചിത്രങ്ങൾക്ക് പ്രോത്സാഹനം നൽകിയതിൽ ആരാധകർ സുശാന്തിനോട് മാപ്പ് പറഞ്ഞു. നടന്‍റെ മരണം ആത്മഹത്യയല്ലെന്ന് വാദിച്ച സുശാന്തിന്‍റെ കുടുംബത്തോടൊപ്പം ആരാധകരും ഏതാനും സിനിമാക്കാരും കൂടി ചേർന്നു. അങ്ങനെ, സുശാന്തിന് നീതി വേണമെന്ന ആവശ്യം വ്യാപകമായി.
വിഷാദരോഗമാണ് മരണകാരണമെന്ന അനുമാനങ്ങൾ തള്ളി സിനിമ മേഖലയിലെ പലരുടെയും പങ്കുണ്ടാകാമെന്നും ആരോപണങ്ങൾ ഉയർന്നു. സുശാന്തിന്‍റെ വിഷാദത്തിന് ബോളിവുഡിലെ സ്വജനപക്ഷപാതം കാരണമായെന്നും താരത്തിന്‍റെ ആരാധകർ വാദിച്ചു.
സംവിധായകരായ സഞ്‌ജയ് ലീല ബൻസാലി, മുകേഷ് ചബ്ര, വൈആർഎഫ് കാസ്റ്റിങ് ഡയറക്‌ടർ, നടന്‍റെ പെൺസുഹൃത്തും നടിയുമായ റിയ ചക്രബർത്തി ഉൾപ്പെടെയുള്ളവരിൽ നിന്നും മുംബൈ പൊലീസ് മൊഴിയെടുത്തതും ഇതിന്‍റെ തുടർച്ചയായിരുന്നു.
ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രസർക്കാരും സിബിഐ അന്വേഷണത്തിന് ആവശ്യമുയർത്തിയതോടെ സംഭവം രാഷ്‌ട്രീയതാൽപര്യങ്ങളിലേക്ക് കൂടി വഴിമാറുന്ന അവസ്ഥയിലേക്ക് നീങ്ങി. ബിഹാർ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് മഹാരാഷ്‌ട്ര സർക്കാരിനും പൊലീസിമെതിരെ നടക്കുന്ന തന്ത്രങ്ങളാണിതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും റിയ ചക്രബർത്തിയും പറഞ്ഞു.
More Read: മരണം നിഴലിച്ച കഥകളിലെ നായകന്‍; മരിക്കാത്ത ഓര്‍മ്മകളില്‍ സുശാന്ത് സിംഗ്
പിന്നീടുള്ള അന്വേഷണങ്ങൾ താരത്തിന്‍റെ മരണത്തിൽ പല തരത്തിലുള്ള ഊഹാപോഹങ്ങൾ കൊണ്ടുവന്നു. പ്രണയനഷ്ടമോ വിഷാദമോ ആയിരിക്കാമെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ, മയക്കുമരുന്ന് ഉപയോഗം മരണത്തിനെയും സ്വാധീനിച്ചിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. എങ്കിലും, സുശാന്തിന്‍റെ മനോവിഷമത്തിൽ ഹിന്ദി ചലച്ചിത്രമേഖലയിലെ ബൃഹത്തായ ശൃംഖലക്ക് പങ്കുണ്ടെന്ന വാദത്തിലും ആരാധകർ ഉറച്ചുനിന്നു.
കപൂർ ആൻഡ് സൺസും ഖാൻ ഫാമിലിയും ചോപ്ര, മുഖർജി കുടുംബങ്ങളും അക്തർ- ആസ്മി, ഭട്ട് ശൃംഖലയുമൊക്കെ അഭിനയനിരയിലും അണിയറയിലും ഗാനരചയിതാവായും സാങ്കേതികപ്രവർത്തകരായും ബോളിവുഡിൽ പതിറ്റാണ്ടുകളായി നിലയുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
മക്കളിലൂടെയും മരുമക്കളിലൂടെയും ചെറുമക്കളിലൂടെയും തങ്ങളുടെ ആധിപത്യത്തിന്‍റെ വേരുകൾ അങ്ങ് ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭകാലം മുതൽ ഹിന്ദി സിനിമയിൽ പടർന്നിറങ്ങിയിരുന്നു.
കുടുംബതാരങ്ങളെ മറികടന്ന് പുതുമുഖങ്ങൾ എത്തുമ്പോൾ
മറ്റ് പല സിനിമാമേഖലകളിൽ നിന്നും വ്യത്യസ്‌തമായി തങ്ങളുടെ കഴിവും സ്ഥാനവും കണ്ടെത്താൻ പുതുമുഖങ്ങളും പുറത്തുനിന്നുള്ളവരും പ്രയാസപ്പെടുന്നതിന് കാരണവുമിതാണ്. കാസ്റ്റിങ് കൗച്ചും കുടിപ്പകയും താരകുടുംബങ്ങളുടെ ധാർഷ്‌ട്യവുമൊക്കെ നേരിട്ടിട്ടുവേണം അവർക്ക് ഒരു കിംഗ് ഖാനോ ഇർഫാൻ ഖാനോ നവാസുദ്ദീൻ സിദ്ദീഖിയോ അനുഷ്ക ശർമയോ കത്രീന കൈഫുമൊക്കെയാകാൻ.
More Read: ടിവിയിൽ നിന്നും തിയേറ്ററിലേക്ക്; സുശാന്ത് സിംഗ് രജ്‌പുത് അവിസ്‌മരണീയമാക്കിയ കഥാപാത്രങ്ങൾ
പൂർവികരുടെ പാത പിന്തുടരുന്നതോ തങ്ങളുടെ വേണ്ടപ്പെട്ടവരെ പിന്മുറക്കാരാക്കുന്നതോ കുറ്റകരമല്ല. താരകുടുംബങ്ങളെ ഇല്ലാതാക്കണമെന്നുമല്ല... കഴിവുള്ള കലാകാരന്മാരെ തഴയാതെ അവരെയും അംഗീകരിക്കണം. അവർക്ക് അവസരം നൽകാൻ സിനിമ കാണുന്നവനും ചെയ്യുന്നവനും താൽപര്യപ്പെടണം. എങ്കിൽ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ചരിത്രം ഇനിയും ആവർത്തിക്കാതിരിക്കും.
"നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു... ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ... സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്,"
ഉയർന്ന അക്കാദമി പ്രൊഫൈലുകൾ മാറ്റിവച്ച് ഒരു യുവത്വം സിനിമയുടെ സ്വപ്‌നങ്ങൾ കണ്ട് അഭ്രപാളിയിലേക്ക് യാത്ര തിരിച്ചു. അവിടെ അയാൾക്ക് ലഭിച്ച 12 സിനിമകളും പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച ടിവി സീരിയലുകളും അയാളുടെ പ്രയത്‌നത്തിന്‍റെ ഉത്പന്നങ്ങളായിരുന്നു.
കഴുത്തിൽ കുരുക്കിട്ട് സ്വപ്‌നങ്ങളെ ബാക്കിവച്ച് സുശാന്ത് മടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അമ്മയ്ക്കായി എഴുതിയ വാക്കുകൾ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. അഭ്രപാളിയിൽ സ്വന്തം കഴിവുകൾ നിഴലുകൾ മാത്രമാവരുതെന്ന് അതിയായി ആഗ്രഹിച്ച ഒരു കലാകാരൻ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന ഓർമപ്പെടുത്തൽ.