ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. വിനായകൻ തന്നോട് സംസാരിച്ചതിന്‍റെ ഫോൺ റെക്കോർഡും യുവതി പൊലീസിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ മുൻകൂർ ജാമ്യം കിട്ടിയേക്കാവുന്ന കേസ് ആയതിനാല്‍ വിനായകൻ കോടതിയെ സമീപിച്ചേക്കാമെന്ന് സൂചനയുണ്ട്.
ഫേസ്ബുക്കിലൂടെയായിരുന്നു യുവതി വിനായകനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. ''കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു പരിപാടിക്കായി അദ്ദേഹത്തെ വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല''- എന്നായിരുന്നു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിനായകന്‍ മോശമായി സംസാരിച്ചെന്നാരോപിച്ച് ദളിത് ആകിടിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ ദിനു വെയിലും രംഗത്ത് വന്നിരുന്നു. 'ദളിത് കോളനിയിലെ കുട്ടികൾക്കായുള്ള ക്യാമ്പിൽ മുഖ്യ അതിഥിയായ് വരാമോ സാറേ' എന്ന് ചോദിച്ച തന്നോട് ലൈംഗിക ചുവയോടെ വിനായകന്‍ സംസാരിച്ചെന്നും തെറിവിളിച്ചെന്നുമായിരുന്നു ദിനു ആരോപിച്ചത്.