അർജുൻ റെഡ്ഡി, കബീർ സിങ് സിനിമകളെ സിനിമാതാരം പാർവ്വതി തിരുവോത്ത് വിമർശിച്ചത് സാമൂഹിക മാധ്യമങ്ങൾ ചര്‍ച്ചയാക്കിയിരുന്നു. അർജുൻ റെഡ്ഡിയുടെ നായകൻ വിജയ് ദേവേരകൊണ്ടയുടെ മുമ്പിൽ വച്ചുതന്നെയായിരുന്നു പാർവ്വതിയുടെ പരാമർശവും. എന്നാൽ നവമാധ്യമങ്ങൾ ഇതിനെ ആഘോഷമാക്കുന്നതിൽ അസ്വസ്ഥനാണെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. "സിനിമയെക്കുറിച്ചോ പുരുഷാധിപത്യത്തെക്കുറിച്ചോ റൗണ്ട് ടേബിളിൽ നടന്ന ഇന്‍റർവ്യൂനെക്കുറിച്ചോ നിങ്ങൾ എന്ത് ചിന്തിച്ചാലും അതെനിക്ക് പ്രശ്‌നമല്ല. എന്നാൽ എന്‍റെ ചിലവിൽ ആളുകൾ ഇതാഘോഷിക്കുന്നത് ഞാൻ ഇഷ്‌ടപ്പെടുന്നില്ല, " ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഒരു ചടങ്ങിൽ താരം പറഞ്ഞു.
പാര്‍വതിയെ താൻ ആരാധിക്കുന്നുണ്ടെന്നും അവരുടെ ചോദ്യം തന്നെ ബാധിച്ചിട്ടില്ലെന്നും വിജയ് വ്യക്തമാക്കി. പാര്‍വതി ശരിയായ ഉദ്ദേശത്തോടെയാണ് അർജുൻ റെഡ്ഡിയെക്കുറിച്ച് പരാമർശിച്ചത്. അതേ സമയം, സാമൂഹിക മാധ്യമങ്ങളില്‍ കൂടി വിമർശിക്കുന്നവർ അവരെന്താണ് സംസാരിക്കുന്നതെന്ന് പോലും അറിയാതെയാണ് വാചാലരാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.
പരസ്പരം അടിക്കാതെ സ്നേഹബന്ധത്തിൽ പാഷന്‍ ഇല്ലെന്നാണ് അർജുൻ റെഡ്ഡിയിലും കബീർ സിങ്ങിലുമൊക്കെ ദൃശ്യവൽക്കരിക്കുന്നത്. ഹോളിവുഡ് ചിത്രം ജോക്കറിനെ താരതമ്യപ്പെടുത്തി പാര്‍വതി പറഞ്ഞത് അര്‍ജുന്‍ റെഡ്ഡിയിൽ ആക്രമണത്തെ മഹത്വവത്ക്കരിക്കുന്നുവെന്നാണ്. എന്നാൽ, എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്കാവില്ലെന്ന് വിജയ് മറുപടി നൽകിയിരുന്നു. ഇഷ്‌ടമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് മാത്രമാണ് താൻ ചിന്തിക്കാറുള്ളത്. സിനിമ മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്, അയാളുടെ ചുറ്റുപാടും കുടുംബവുമെല്ലാം ഇതിന്‍റെ ഭാഗമാകാറുണ്ടെന്നും വിജയ് വിശദീകരിച്ചു.
അതേ സമയം സിനിമയുടെ നായകനു മുമ്പിൽ വച്ചു തന്നെ പാർവ്വതി തിരുവോത്ത് ഇത്തരമൊരു ആഭിപ്രായം തുറന്നു പറഞ്ഞതിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് മലയാളിതാരത്തിന് ലഭിക്കുന്നത്. പാര്‍വതിയ്ക്കും വിജയ്ക്കും പുറമെ ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, വിജയ് സേതുപതി, ആയുഷ്‌മാന്‍ ഖുരാന, മനോജ് വാജ്‌പേയി എന്നിവരും ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു.