യുവപ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ ഷാഫി ചിത്രം 'ചോക്ലേറ്റ്'. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന കോളജിൽ ഒരു ആണ്‍കുട്ടി പഠിക്കാൻ എത്തുന്നതായിരുന്നു ചിത്രത്തിൻ്റെ പ്രമേയം. പൃഥ്വിരാജ്, റോമ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചോക്ലേറ്റിന് സമാനമായ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ബിനു പീറ്റർ സംവിധാനം ചെയ്യുന്ന ‘ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനും നൂറിന്‍ ഷെരീഫുമാണ്.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ നടക്കുന്ന ഒരു കഥയാണ് 'ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡും' പറയുന്നത്. എന്നാല്‍ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഉണ്ണി മുകുന്ദൻ്റെ കഥാപാത്രം കോളജിലേക്ക് വരുന്നത്. നായകൻ 3000 പെൺകുട്ടികൾ പഠിക്കുന്ന കോളജിലേക്ക് എത്തുന്നതിന്‍റെ കാരണങ്ങളും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. പഴയ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് പുതിയ പുതിയ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ എത്തുന്നത്. അമ്മു എന്ന കഥാപാത്രമായി നൂറിൻ ഷേരീഫും എത്തുന്നു. മാമാങ്കം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഒരു തമിഴ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.