ന്യൂഡൽഹി: നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ബിഹാർ പൊലീസ് സിബിഐക്ക് കൈമാറിയ നടപടി നിയമവിരുദ്ധമാണെന്ന് റിയ ചക്രബർത്തി. സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിലാണ് റിയ ചക്രബർത്തി ഇത്തരത്തിലൊരു വാദം ഉന്നയിച്ചത്. തനിക്കെതിരെ അന്യായമായ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ചാനലുകൾ ക്രോസ് വിസ്‌താരമാണ് ചർച്ചകളിൽ നടത്തുന്നതെന്നും ഹർജിയിൽ റിയ ചക്രബർത്തി ആരോപിച്ചു.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരമുള്ള സിബിഐ അന്വേഷണത്തോട് തനിക്ക് എതിർപ്പില്ലെന്ന് റിയ ഹർജിയിൽ പറയുന്നു. സിബിഐ കേസ് അന്വേഷിച്ചാലും മുബൈയിലെ കോടതികളിൽ നിയമവ്യവസ്ഥ നടക്കണമെന്നും പട്‌നയിൽ നടക്കരുതെന്നും റിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ ബിഹാറിന് അന്വേഷണപരിധിയിൽ തുടരാൻ സാധ്യമല്ലെന്നും സുശാന്ത് മരിച്ചത് മുംബൈയിലായതിനാൽ ബിഹാറിന്‍റെ നടപടികൾ സെക്ഷൻ ആറ് പ്രകാരം നിയമവിരുദ്ധമാണെന്നും ഹർജിയിൽ റിയ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് സുശാന്തിന്‍റെ മരണമെന്നും കേസിൽ ബിഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായ സാഹചര്യം ബിഹാർ മുഖ്യമന്ത്രി സൃഷ്‌ടിച്ചതാണെന്നും റിയ ഹർജിയിൽ പറയുന്നു. 30 ദിവസത്തിനിടയിൽ രണ്ട് അഭിനേതാക്കൾ കൂടി മരിച്ചപ്പോൾ പ്രതികരിക്കാൻ ആരുമില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടികളാണ് ബിഹാർ സർക്കാർ നടപ്പാക്കുന്നതെന്നും ഹർജിയിൽ റിയ ആരോപിച്ചു.