സംവിധായകന്‍ ബേസില്‍ ജോസഫിനെ (Basil Joseph) നായകനാക്കി ചിദംബരം സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം 'ജാനേമന്‍' (Janeman) തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഒരിടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ പൊട്ടിച്ചിരിയും കണ്ണീരും നിറച്ച ചിത്രത്തെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 'ജാനേമനെ'യും ബേസിലിനെയും പുകഴ്‌ത്തി നടന്‍ ടൊവിനോ തോമസും (Tovino Thomas) രംഗത്തെത്തിയിരിക്കുകയാണ്.
ബേസിലിനോട് നടന്‍മാരുടെ കഞ്ഞിയില്‍ പാറ്റ ഇടരുതെന്നാണ് ടൊവിനോ തോമസ് പറയുന്നത്. 'ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ ഈ സിനിമയെ കുറിച്ച് ബേസിലില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒടുവില്‍ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ബേസിലേ നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്..' -ടൊവിനോ തോമസ് പറഞ്ഞു.
അജു വര്‍ഗീസ് (Aju Varghese), സംവിധായകരായ രഞ്‌ജിത്ത് ശങ്കര്‍ (Ranjith Sankar), ജീത്തു ജോസഫ് (Jeethu Joseph) എന്നിവരും ചിത്രത്തെ പുകഴ്‌ത്തിയിരുന്നു. 'അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കുമ്പോള്‍, അത് നന്നായി ക്യാപ്‌ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍, അതൊരു വിരുന്നാണ്.' - അജു വര്‍ഗീസ് കുറിച്ചു.
'എല്ലാരീതിയിലും 'ജാനേമന്‍' ഒരു വിജയമാണ്. നന്നായി എഴുതി, മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്‌ത, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സ്മാര്‍ട്ട് ചിത്രമാണ് 'ജാനേമന്‍'. സ്വതന്ത്ര വാണിജ്യ സിനിമ, സിനിമാ തിയേറ്ററുകളില്‍ മാത്രമാണ് സംഭവിക്കുന്നത്. സിനിമാ ഹാളുകളിലെ ഹൗസ്‌ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍.' -സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'ജാനേമന്‍'. നടന്‍ ഗണപതിയുടെ (Ganapathi) സഹോദരന്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണിത്. ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍ (Arjun Ashokan), ഗണപതി, ബാലു വര്‍ഗീസ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്‌ണന്‍, റിയ സൈറ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'വികൃതി'ക്ക് (Vikrithi) ശേഷം ചീയേഴ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ലക്ഷ്‌മി വാരിയര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സജിത്ത് കുമാര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ നിര്‍മാണ പങ്കാളികളാണ്. സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം എന്നിവരാണ് സഹനിര്‍മാതാക്കള്‍. ഗണപതി, സപ്‌നേഷ് വരച്ചാല്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. ബിജിബാല്‍ ആണ് സംഗീതം. കിരണ്‍ ദാസ് ആണ് എഡിറ്റര്‍, മാഷര്‍ ഹംസം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.