പ്രശസ്ത നടൻ നാനാപടേക്കറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് തനുശ്രീ ദത്ത. പത്ത് വർഷം മുൻപ് 'ഹോൺ ഓകെ' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് നാനാ പടേക്കർ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്. ഇത് സംബന്ധിച്ച് മുംബൈ ഒഷിവാര പൊലീസില്‍ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു തനുശ്രീ.
എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് തനുശ്രീ വെളിപ്പെടുത്തി. പത്ത് വർഷം മുമ്പ് നടന്ന സംഭവത്തില്‍ ദൃക്സാക്ഷികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ചോളം പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ആര്‍ക്കും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാകുന്നില്ലെന്നും സാക്ഷിമൊഴികളൊന്നും തനുശ്രീയുടെ ആരോപണത്തെ ശരിവയ്ക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുയാണ് തനുശ്രീ.
''ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല. അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയമാണ് പൊലീസിന്. ഞാന്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്ക് വേണ്ടി പൊലീസില്‍ മൊഴി നല്‍കാന്‍ തയ്യാറായവരെയും നാന പടേക്കര്‍ ഭീഷണിപ്പെടുത്തുകയാണ്'', തനുശ്രീ ആരോപിച്ചു.