ചെന്നൈ: പ്രമുഖ തമിഴ് സിനിമാ താരം വിജയ ലക്ഷമി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറയാനുള്ള ഗുളിക കഴിച്ചാണ് ആത്മഹത്യാ ശ്രമം. നാം തമിഴര്‍ കക്ഷി നേതാവ് സീമാനും സിനിമാ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ ഹരിനാടാറും സമുഹമാധ്യമം വഴി അപമാനിച്ചതില്‍ മനം നൊന്താണ് നടി ആത്മഹത്യക്ക് ശ്രമിച്ചത്. സീമാനും അദ്ദേഹത്തിന്‍റെ പാര്‍ട്ടി അനുയായികളും തന്നെ നിരന്തരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വേട്ടയാടുന്നതായി പറയുന്ന വീഡിയോ നടി ആത്മാഹത്യാ ശ്രമത്തിന് തൊട്ട് മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ഇത് എന്‍റെ ആവസാന വീഡിയോയാണ് എന്ന തലക്കെട്ടോടെയാണ് ലക്ഷമി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. മാസങ്ങളായി തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. തന്‍റെ കുടുംബത്തോടൊപ്പം പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. ഇനിയും മുന്നോട്ട് പോകുക സാധ്യമല്ല. തന്‍റെ ആത്മഹത്യ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്. നിലവില്‍ രക്ത സമ്മര്‍ദം കുറക്കാനുള്ള രണ്ട് ഗുളികകള്‍ ഞാന്‍ കുടിച്ചിട്ടുണ്ട്. വരും മണിക്കൂറില്‍ എന്‍റെ രക്തസമ്മര്‍ദം കുറഞ്ഞ് ഞാന്‍ മരിക്കും. ഞാന്‍ കര്‍ണ്ണാടകയിലാണ് ജനിച്ചത്. ഇക്കാരണത്താലാണ് സീമാന്‍ എന്നെ പീഡിപ്പിക്കുന്നത്. ഈ കേസില്‍ നിന്നും സീമാനെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.