ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് എസ്‌എസ് രാജമൗലിയുടെ 'രൗദ്രം രണം രുധിരം' അഥവാ 'ആര്‍ആര്‍ആര്‍'. ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ചിത്രവുമായി രാജമൗലി എത്തുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ്‌ദേവ്‌ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
താരങ്ങളല്ല മറിച്ച് കഥയാണ് ഒരു പാന്‍ ഇന്ത്യ സിനിമയുടെ പ്രധാന ഘടകമെന്ന് പറയുകയാണ് സംവിധായകന്‍ രൗജമൗലി. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമൊരുക്കുമ്പോള്‍ വലിയ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരികയെന്നതിനല്ല പ്രധാനം. മറിച്ച് സാർവത്രികമായി ബന്ധിപ്പിക്കുന്ന കഥയാണ് ആവശ്യം.
'പാൻ ഇന്ത്യൻ സിനിമ എന്നതിനർഥം വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഒന്നിക്കുന്നു എന്നല്ല. ഭാഷാഭേദമില്ലാതെ എല്ലാവരേയും ബന്ധിപ്പിക്കുന്ന ഒരു കഥയുണ്ടാകണം. ചിത്രം കാണുന്നതിനിടെ ഓഡിയോ ഓഫ് ചെയ്‌താലും പ്രേക്ഷകരെ സിനിമ കണക്‌റ്റ് ചെയ്യുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്, ' രാജമൗലി പറയുന്നു.
ആലിയ ഭട്ടും അജയ് ദേവ്‌ഗണും ചിത്രത്തില്‍ നിര്‍ണായകം
ചിത്രത്തില്‍ അഭിനേതാക്കളുടെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് നോക്കിയാണ് മറ്റ് ഭാഷകളില്‍ നിന്നുള്ള താരങ്ങളെ കാസ്റ്റ് ചെയ്യുന്നത്. അല്ലാതെ സാമ്പത്തികമായി നോക്കിയിട്ടല്ലെന്ന് ആലിയ ഭട്ടും അജയ് ദേവ്‌ഗണും ചിത്രത്തില്‍ എത്തിയതിനെ കുറിച്ച് രാജമൗലി പറഞ്ഞു. ആലിയ ഭട്ടിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ആര്‍ആര്‍ആര്‍.
1920കളിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. പ്രശസ്‌ത തിരക്കഥാകൃത്തും രൗജമൗലിയുടെ പിതാവുമായ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഒരു യഥാർഥ നായകനെക്കുറിച്ചുള്ള ഒരു സാങ്കൽപ്പിക കഥ ചെയ്യാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതരാമ രാജുവും കൊമരു ഭീമും സ്വാതന്ത്യ സമര പോരാട്ടത്തില്‍ പങ്കെടുത്ത കാലഘട്ടം അടുത്തടുത്താണ്. അതാണ് ആര്‍ആര്‍ആര്‍ ഒരുക്കാന്‍ കാരണം. രണ്ട് താരങ്ങൾക്കൊപ്പവും നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രകടനത്തിന്‍റെ കാര്യത്തിൽ ഇരുവരും ഒരേ നിലവാരമാണെന്നും രാംചരണ്‍, ജൂനിയർ എൻടിആര്‍ എന്നിവരെ കുറിച്ച് രാജമൗലി പറഞ്ഞു.
ബാഹുബലി പ്രേക്ഷകന് നല്‍കുന്ന പ്രതീക്ഷ
സ്വാതന്ത്ര്യ സമരത്തിൽ നിന്നും സ്വാതന്ത്ര്യസമര സേനാനികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രമാണെങ്കിലും ദേശസ്‌നേഹത്തെക്കുറിച്ചല്ല മറിച്ച് ഈ രണ്ട് നായകന്മാർ തമ്മിലുള്ള സൗഹൃദവും അവർ എങ്ങനെ പരസ്‌പരം പ്രചോദനമായെന്നുമാണ് ചിത്രം പറയുന്നത്. സാങ്കൽപ്പിക കഥയായതിനാൽ വസ്ത്രധാരണം, സംസാരരീതി തുടങ്ങിയ കാര്യങ്ങളില്‍ ആധികാരികത വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് കഥകളും വ്യത്യസ്‌തമാണെങ്കിലും ബാഹുബലി എന്ന ചിത്രം നല്‍കിയ പ്രതീക്ഷയോടെയാകും പ്രേക്ഷകര്‍ ആർആർആറിനെ നോക്കിക്കാണുക. അടിച്ചമർത്തലിനെതിരായ പോരാട്ടമെന്ന പ്രമേയമാണ് ഇരു ചിത്രങ്ങളും തമ്മിലുള്ള സാമ്യതയെന്നും രാജമൗലി പറഞ്ഞു.
രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ കെ.വി വിജയേന്ദ്രപ്രസാദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. ബജ്‌രംഗി ഭായിജാന്‍, ബാഹുബലി, മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് വിജയേന്ദ്രപ്രസാദ് തന്നെയാണ്. 'എനിക്കറിയാവുന്ന ഏറ്റവും മികച്ച കഥാകൃത്താണ് അദ്ദേഹം. ഒന്നോ രണ്ടോ ചിത്രങ്ങള്‍ ഒഴികെ എന്‍റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് അദ്ദേഹമാണ്. ഞങ്ങൾക്ക് പരസ്‌പരം നന്നായി മനസിലാകും,' രാജമൗലി പറഞ്ഞു.
2022 ജനുവരി ഏഴിനാണ് ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തുന്നത്. തെന്നിന്ത്യൻ താരം സമുദ്രക്കനി, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്‍പ് തന്നെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് റൈറ്റ്സിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. സീ 5, നെറ്റ്‌ഫ്ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് റൈറ്റ് സ്വന്തമാക്കിയത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.