വർഷങ്ങളോളം പ്രണയിച്ചശേഷമാണ് നടി ശ്രുതി ഹാസനും ലണ്ടൻ സ്വദേശിയും തിയേറ്റർ ആർട്ടിസ്റ്റുമായ മൈക്കിൾ കൊർസലെയും വേർപിരിഞ്ഞത്. മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും പ്രണയ തകർച്ചക്ക് ശേഷമുളള ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസന്‍. ലക്ഷ്മി മാഞ്ചു അവതാരകയായ ‘ഫീറ്റ് അപ് വിത് സ്റ്റാർസ്’ ഷോയി'ലാണ് ശ്രുതി തന്‍റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്.
ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. കരിയറിന്‍റെ തുടക്കത്തിലാണ് ശ്രുതി പ്രണയത്തിലായത്. 'വളരെ കൂളും നിഷ്ക്കളങ്കയുമായ വ്യക്തിയാണ് ഞാൻ. ഇതറിയാവുന്നത് കൊണ്ടാണ് എനിക്ക് ചുറ്റുമുളളവർ എന്‍റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നത് കൊണ്ടാണ് അവർ അത് ചെയ്യുന്നത്. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു.” ശ്രുതി വ്യക്തമാക്കി.
പ്രണയം തകർന്നെങ്കിലും അതിൽ നിരാശയോ പശ്ചാത്താപമോ ഇല്ലാതെ, അതൊരു നല്ല അനുഭവമായി ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് ശ്രുതി ഹാസൻ. ”പ്രണയത്തിന് പ്രത്യേകിച്ച് ഫോർമുല ഒന്നുമില്ല. നല്ല സുഹൃത്തുക്കൾ ചില സമയത്ത് മോശമായി പെരുമാറാം. എനിക്കതിൽ പശ്ചാത്താപമൊന്നുമില്ല. എന്നെ സംബന്ധിച്ച് അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിച്ചു. ഞാനെപ്പോഴും ജീവിതത്തിലെ ഒരേയൊരു പ്രണയത്തിനായാണ് കാത്തിരുന്നത്. ദീർഘകാലം കാത്തിരുന്ന ആ പ്രണയം ഇതായിരുന്നുവെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.” ശ്രുതി പറഞ്ഞു.
വിജയ് സേതുപതി നായകനായി എത്തുന്ന 'ലാബം' ആണ് ശ്രുതിയുടെ പുതിയ ചിത്രം. എസ് പി ജനനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീ രഞ്ജിനി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്.