ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ഷാഹിദ് കപൂറും ഭാര്യ മിറ രാജ് പുതും. ഇരുവരും ഒന്നിച്ചെത്തുന്ന അഭിമുഖങ്ങളും അവാർഡ് നിശയുമൊക്കെ ഏറെ രസകരമാകാറുണ്ട്. എന്നാല്‍ തങ്ങൾക്കിടയില്‍ ഉണ്ടാവുന്ന പിണക്കങ്ങളെ കുറിച്ചാണ് താരമിപ്പോൾ മനസ് തുറന്നിരിക്കുന്നത്.
മിറയുമായി വഴക്കിട്ടാല്‍ 15 ദിവസം വരെ അത് നീണ്ട് നില്‍ക്കും എന്നാണ് ഷാഹിദ് പറയുന്നത്. "ഞാനും മിറയും തമ്മില്‍ വഴക്കിടുമ്പോള്‍ ഞാന്‍ വല്ലാത്ത ദേഷ്യത്തിലാകും. അതെന്നെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് തന്നെ അതില്‍ നിന്നും പുറത്ത് കടക്കാന്‍ എനിക്കേറെ സമയംവേണ്ടി വരും. മാസങ്ങള്‍ കൂടുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍, വഴക്കിടാറുള്ളത്. പക്ഷെ അങ്ങനെ ഞങ്ങള്‍ വഴക്കിട്ടാല്‍ അത് ഏറെ ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. ഏതാണ്ട് പതിനഞ്ച് ദിവസം വരെയൊക്കെ... ആ ടെൻഷൻ അവിടെ ഉണ്ടാകും. അവസാനം അത് സംസാരിച്ച് തീർക്കും'', ഷാഹിദ് പറഞ്ഞു. താൻ തന്നെയായിരിക്കും പ്രശ്നം പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് എന്നും താരം പറയുന്നു.
വഴക്കിടുന്നത് ഒരർത്ഥത്തില്‍ നല്ലതാണെന്നാണ് ഷാഹിദിന്‍റെ അഭിപ്രായം. മറ്റൊരാളുടെ അഭിപ്രായത്തെ എതിർക്കാനും പിന്നീട് ഓരോരുത്തരുടെയും വ്യത്യസ്തതയെ കൈകാര്യം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും വഴക്കിടുന്നത് പ്രധാനമാണെന്ന് ഷാഹിദ് പറയുന്നു. 2015ലാണ് ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. കബീർ സിങ്ങാണ് താരത്തിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം.