നിറത്തിന്‍റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക സയനോര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സയനോര അനുഭവം തുറന്ന് പറഞ്ഞത്. തന്നെ അറിയുന്നവര്‍ എല്ലാവരും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന് കരുതിയാണ് ഇത് തുറന്ന് പറയുന്നതെന്ന് സയനോര വ്യക്തമാക്കി.
'ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ ഒരു കുട്ടിയെ കണ്ടു. സ്‌നേഹത്തോടെ കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് അത് ശ്രദ്ധിക്കാതെ കരച്ചിലോട് കരച്ചില്‍. കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് മനസ്സിലായില്ല. എന്താണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. ഈ സംഭവം വളരെയധികം വേദനിപ്പിച്ചു. അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച് നിന്നു. അങ്ങനെയൊന്നും ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്തതാണ്. അപമാനിക്കുന്ന രീതിയില്‍ പറഞ്ഞതാണെന്ന് എനിക്ക് തോന്നി. ആ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല,' സയനോര പറഞ്ഞു.
തനിക്ക് കുഞ്ഞ് പിറന്നപ്പോൾ പോലും ആണാണോ പെണ്ണാണോ എന്നല്ല കാണാൻ ആരെപ്പോലെയാണ് എന്നാണ് ഭർത്താവിനോട് ആദ്യം ചോദിച്ചത്. തന്‍റെ ജീവിതത്തിലുണ്ടായ ദുരനുഭവം കുട്ടികൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹത്തിലായിരുന്നു അത്. എന്നാൽ നിറമല്ല ഒന്നിനും അടിസ്ഥാനമെന്ന് ഇപ്പോൾ മനസിലായതായും അത് കൊണ്ട് കുത്തുവാക്കുകൾ കേട്ടാൽ ഇനി തളരില്ലെന്നും സയനോര വ്യക്തമാക്കി.