കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96'. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് വിജയ് സേതുപതിയും തൃഷയുമായിരുന്നു. വലിയ വിജയം കൈവരിച്ച ചിത്രം ഇതരഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്.
`96’ റിലീസ് ചെയ്ത വേളയില്‍ ഇതിന്റെ തെലുങ്ക് പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോ?’ എന്ന് സാമന്തയോട് ഒരാള്‍ ചോദിച്ചിരുന്നു. അതിന് മറുപടിയായി അവര്‍ പറഞ്ഞത് ‘ഈ ചിത്രം ഒരിക്കലും `റീമേക്ക്’ ചെയ്യപ്പെടാന്‍ പാടില്ല എന്നാണ്. എന്നാല്‍ തെലുങ്ക് പതിപ്പ് നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് അന്ന് സംസാരിച്ചത് എന്നും പിന്നീട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു എന്ന് നിര്‍മ്മാതാവ് ദില്‍ രാജു പറഞ്ഞു.
വിജയ് സേതുപതിയുടെയും തൃഷയുടെയും ’96’ലെ അഭിനയം കണ്ട് സാമന്ത ട്വിറ്ററിൽ തന്റെ ആസ്വാദനാനുഭവം പങ്കുവച്ചിരുന്നു. തൃഷയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘വിണ്ണെത്താണ്ടി വരുവായ’യുടെ തെലുങ്ക് റീമേക്കായ ‘യോ മായ ചെസാവേ’യിൽ തൃഷയുടെ വേഷം ചെയ്തത് സാമന്ത ആയിരുന്നു. തമിഴിൽ നേടിയ വിജയം ആ ചിത്രത്തിന് തെലുങ്കിൽ ആവർത്തിക്കാനായിരുന്നില്ല. എങ്കിലും ആ ചിത്രത്തിലെ അഭിനയത്തോടെയാണ് നാഗചൈതന്യയും സാമന്തയും തെലുങ്കരുടെ ഇഷ്ടജോഡിയായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തി.