പ്രഭാസ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സാഹോ റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഇതിനോടകം തന്നെ ചിത്രം 500 കോടിയ്ക്കടുത്ത് കളക്ഷൻ നേടി കഴിഞ്ഞെങ്കിലും അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇതിനിടെ സിനിമ കണ്ട പ്രേക്ഷകരോട് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ സുജീത്ത്.
17കാരനായ ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന് മുഴുനീള സിനിമാ സംവിധായകനിലേക്കുള്ള തന്‍റെ മാറ്റമാണ് സുജീത്ത് കുറിപ്പില്‍ ഉള്ളത്. അതേസമയം പലരും സഹോയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. പ്രഭാസ് ഫാന്‍സിനോട് ചിത്രം ഒന്നുകൂടി കാണണമെന്നും രണ്ടാമതുമുള്ള കാഴ്ചയില്‍ ചിത്രം കൂടുതല്‍ സുന്ദരമാകുമെന്നുമാണ് സുജീത്ത് പറയുന്നത്. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ഇവലിന്‍ ശര്‍മ്മ, മന്ദിര ബേദി, ജാക്കി ഷെറോഫ്, ചങ്കി പാണ്ഡേ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
'' ഞാന്‍ എന്‍റെ 17ാം വയസ്സിലാണ് ആദ്യ ഷോര്‍ട്ട് ഫിലിം ചെയ്തത്. പണമോ സംഘബലമോ ഉണ്ടായിരുന്നില്ല, എന്നാല്‍ ഓര്‍ക്കൂട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും വലിയ പിന്‍ബലം ലഭിച്ചു. 90 ശതമാനം എഡിറ്റ് ചെയ്തതും ഷൂട്ട് ചെയ്തതും ഡയറക്ട് ചെയ്തതും ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്‍റെ തെറ്റുകളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നുമാണ് പഠിച്ചത്. ഒരുപാട് ദൂരം സഞ്ചരിച്ചു, ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിച്ചു, എന്നാല്‍ തോറ്റുകൊടുത്തിട്ടില്ല. ഇന്ന് ധാരാളം പേര്‍ സാഹോ കണ്ടു. ചിലര്‍ അതില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു, പക്ഷേ മറ്റ് ചിലര്‍ക്ക് ഇഷ്ടപ്പെട്ടു. സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി...'' - സുജീത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.