നടൻ ദിലീപിനും കാവ്യ മാധവനുമെതിരെ താൻ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമെന്ന് സംവിധായകൻ ആർ.എസ് വിമല്‍. 'മൊയ്തീൻ സേവാമന്ദിർ' എന്ന അനശ്വര പ്രണയത്തിന്‍റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്‍റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ദിലീപിന് പണം തിരികെ കൊടുക്കണമെന്ന് വിമല്‍ പറഞ്ഞെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്.
'മന്ദിരം പണിയുവാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാർത്ഥത്തില്‍ തന്നോടുള്ള പകവീട്ടാനായിരുന്നു. ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം 'എന്ന് നിന്റെ മൊയ്തീനിലെ' നായിക നായകന്മാരായി ആലോചിച്ചിരുന്നത്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കാൻ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് എന്നോട് അറിയിച്ച ദിലീപ് കാവ്യയോട് പറഞ്ഞത് ഞാന്‍ ദിലീപിനെ നായകനാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു', എന്നായിരുന്നു വിമല്‍ പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് പറയുകയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആര്‍.എസ് വിമല്‍.
'ഒരു മാധ്യമ പ്രവർത്തകനെ ഞാൻ കണ്ടിട്ട് നാളുകളായി. ഒരുപാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാളായ ദിലീപിന്‍റെ ഒരു സിനിമ പുറത്തിറങ്ങാനിരിക്കെ, മഹാവീർ കർണ്ണയുടെ ചിത്രീകരണം മുന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കുകയാണ്. എന്‍റെ രക്തം ആർക്കോ ആവശ്യമുണ്ട്. പക്ഷെ ഇന്നാട്ടിലെ ജനങ്ങളെ എനിക്ക് വിശ്വാസമുണ്ട്. ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല', ആർ എസ് വിമല്‍ കുറിച്ചു.