തന്റെ ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാലോകത്ത് പ്രചരിക്കുന്ന വാർത്തകളെ തള്ളി നടൻ റാണ ദഗുബാട്ടി. വൃക്കരോഗത്തിന് ചികിത്സ തേടി റാണ അമേരിക്കയിലാണെന്നും താരത്തിന്റെ അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യവിവരങ്ങളെക്കുറിച്ച് തിരക്കിയ ആരാധകന്‍റെ കമന്‍റിന് മറുപടി നൽകിയായിരുന്നു താരം വാർത്തകൾ തള്ളിയത്.
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നൽകാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്. എന്നാൽ ഈ വീഡിയോയുടെ കീഴിലായി റാണയുടെ ആരോഗ്യത്തെ സംബന്ധിച്ച ആകുലതകളാണ് ആരാധകർ പങ്കുവച്ചത്. താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതിൽ ഒരാരാധകന്റെ ചോദ്യം. 'ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിർത്തൂ' എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയായി റാണയുടെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചെങ്കിലും താരം നിശബ്ദത പാലിക്കുകയായിരുന്നു. ഇപ്പോൾ റാണ തന്നെ ഗോസിപ്പുകൾക്ക് വിരാമമിട്ടതോടെ ആരാധകർക്കും ആശ്വാസമായി. റാണയുടെ ശരീരം മെലിഞ്ഞതും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ചിത്രീകരണം പൂർത്തിയായ 'ഹാത്തി മേരെ സാത്തി'യാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. 'വിരാടപർവം' എന്നൊരു സിനിമയിലും റാണ കരാർ ഒപ്പിട്ടിട്ടുണ്ട്.