മലയാളത്തിലെ ബഹുമുഖ പ്രതിഭ എന്ന് വിളിക്കാവുന്ന പി.ജെ. ആന്‍റണി ഓർമ്മയായിട്ട് നാല് ദശകം.ദക്ഷിണേന്ത്യൻ സിനിമക്ക്, മലയാള സിനിമക്ക് ആദ്യമായി അഭിനയത്തിനുള്ള ദേശീയ അവാർഡ് നേടിത്തന്ന സിനിമാ നടൻ എന്ന പേരിലാവും ഇപ്പോൾ പലരും പി.ജെ. ആന്‍റണിയെ ഓർക്കുക.
1925 ലായിരുന്നു പനക്കൂട്ടത്തില്‍ ജോസഫ് ആന്‍റണി എന്ന പി.ജെ. ആന്‍റണിയുടെ ജനനം. ചെറുപ്പകാലത്ത് തന്നെ അഭിനയം ഇഷ്ടമായിരുന്ന ആന്‍റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളില്‍ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം നാടകങ്ങൾ എഴുതുകയും, അവയില്‍ ചിലത്സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 115 ഓളം നാടകങ്ങൾ ഈ പ്രതിഭാശാലി നാടകലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ആന്‍റണി നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപീകരിക്കുന്നത്. മലയാളസാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിക്ക് പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ആന്‍റണിയുടെ പങ്ക് വളരെ വലുതായിരുന്നു.
നാടകത്തില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയപ്പോൾ ആന്‍റണിയിലെ നടൻ ഒന്നാന്തരമാവുകയായിരുന്നു. 1958 ൽ പുറത്തിറങ്ങിയ “രണ്ടിടങ്ങഴി” ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം. പിന്നീട് ''മുടിയനായ പുത്രൻ”, “ അമ്മയെ കാണാൻ” തുടങ്ങി അറുപതോളം ചിത്രങ്ങൾ.വയസ്സിനപ്പുറം പ്രായം തോന്നിച്ചത് കൊണ്ടാവാം വില്ലൻ വേഷങ്ങളും വൃദ്ധ വേഷങ്ങളുമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയതില്‍ അധികവും. മുടിയനായ പുത്രനില്‍ സത്യനൊപ്പം ആന്‍റണി നിന്നപ്പോൾ, അത് രണ്ട് മഹാനടന്മാരുടെ ഒത്തുചേരലായിരുന്നു. എം.ടി. വാസുദേവന്‍നായരുടെനിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്‍റെ കഥാപാത്രം അദ്ദേഹത്തിന് 1973 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തു. മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.
പുറമെ പരുക്കനായിരുന്നെങ്കിലും തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു ആന്‍റണി.സഹജീവി സ്നേഹവും സാമൂഹ്യ ബോധവുമായിരുന്നു ആന്‍റണിയെ നയിച്ചത്. രാഷ്ട്രീയ നിലപാടുകളില്‍ തന്‍റേതായ നയം വ്യക്തമാക്കുന്നതില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ചകാണിച്ചിരുന്നില്ല. വ്യവസ്ഥിതികളോടും യാഥാസ്ഥിതികത്വത്തോടും കലഹിക്കുകയും അവക്കെതിരെ കലാരൂപങ്ങളായി പ്രതികരിക്കുകയും ചെയ്ത പി.ജെ. ആന്‍റണിയെ ഒരുപക്ഷേ പുതിയ തലമുറ മറന്ന് കാണും.എന്നിരുന്നാലും മറവിയുടെ ആഴത്തിലേക്ക് മാഞ്ഞുപോയ ഈ അഭിനയ പ്രതിഭ മലയാള സിനിമയുടെ മുഖമുദ്രയായി എന്നും നിലകൊള്ളും.