നടി പ്രിയങ്ക ചോപ്രയെ യൂണിസെഫ് ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. 3519 ഓളം പേരാണ് 'ആവാസ്' എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി പെറ്റീഷനിൽ ഒപ്പുവച്ചിരിക്കുന്നത്.
ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദി ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസന്നാഹമായൊരു പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ യൂണിസെഫ് ഗുഡ്‌വിൽ അംബാസിഡറായ പ്രിയങ്കയുടെ പ്രതികരണം പക്ഷപാതപരമായി പോയെന്നും നിഷ്‌പക്ഷമായ സമീപനമല്ല പ്രിയങ്ക സ്വീകരിച്ചതെന്നുമാണ് ഹർജിക്കാർ ചൂണ്ടികാണിക്കുന്നത്.
“ആണവശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നാശത്തിലേക്കും മരണത്തിലേക്കും മാത്രമേ നയിക്കൂ. യൂണിസെഫിന്‍റെഗുഡ്‌വിൽ അംബാസിഡർ എന്ന രീതിയിൽ നിഷ്‌പക്ഷമായ സമീപനമായിരുന്നു പ്രിയങ്ക സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ അവരുടെ ട്വീറ്റ് ഇന്ത്യൻ വ്യോമസേനയോട് താൽപ്പര്യം കാണിക്കുന്ന രീതിയിലുള്ളതായിരുന്നു. ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്തിന് പ്രിയങ്ക അർഹയല്ല,” എന്നാണ് ഹർജിക്കാരുടെ വാദം. 2016 ലാണ് ഗ്ലോബ്ബൽ യൂണിസെഫ് ഗുഡ്‌വിൽ അംബാസിഡറായി പ്രിയങ്ക നിയമിതയായത്. യുഎന്നിനേയും യൂണിസെഫിനെയും ടാഗ് ചെയ്ത് കൊണ്ടുള്ള പെറ്റീഷൻ ഇതുവരെ 3519 ഓളം ഒപ്പുകൾ ശേഖരിച്ചുകഴിഞ്ഞു.