തെന്നിന്ത്യൻ സിനിമാ ലോകത്ത് മീ ടൂ ക്യാംപെയ്നിന് തുടക്കം കുറിച്ച വ്യക്തിയാണ് ഗായികയും ഡബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ഗാനരചയിതാവ് വൈരമുത്തു, നടൻ രാധാ രവി എന്നിവർക്കെതിരെ ചിന്മയി ഉന്നയിച്ച 'മീ ടൂ' ആരോപണങ്ങൾ ടോളിവുഡില്‍ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സമൂഹ മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. അതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്‍മയി ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. നഗ്‌നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്‍മയിക്ക് സന്ദേശം അയച്ചു. എന്നാല്‍ സന്ദേശത്തിന് ചിന്‍മയി നല്‍കിയ മറുപടിയാണ് രസകരം. 'ന്യൂഡ് ലിപ്സിറ്റിക്' ഷെയ്ഡുകളുടെ ചിത്രം അയച്ച് കൊടുത്താണ് ചിന്മയി യുവാവിന് മറുപടി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. ആരോപണം തമിഴ് സിനിമാ മേഖലയെ പിടിച്ച് കുലുക്കിയതോടെ സിനിമയില്‍ ചിന്മയിക്ക് അവസരങ്ങൾ ഇല്ലാതായി. വൈരമുത്തുവുമായുള്ള പ്രശ്നങ്ങൾ ഒത്തു തീർക്കാൻ പലരും തന്നെ സമീപിച്ചിരുന്നതായി മുമ്പ് ചിന്മയി വെളിപ്പെടുത്തിയിരുന്നു.